Kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍മന്ത്രി എ സി മൊയ്തീന് ഇഡി വീണ്ടും നോട്ടീസ് നല്‍കും


സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് ഇഡി വീണ്ടും നോട്ടീസ് നല്‍കും. നോട്ടീസ് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഇഡി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 31നും ഈ മാസം നാലിനും മൊയ്തീന് നോട്ടിസ് നല്‍കിയിരുന്നു.
അസൗകര്യം അറിയിച്ച് രണ്ടു തവണയും മൊയ്തീന്‍ ഹാജരായിരുന്നില്ല. ഇഡി ആവശ്യപ്പെട്ട ആദായനികുതി രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് മൊയ്തീന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ രണ്ടുപേരെ ഇഡി ഇന്നലെ അറസ്റ്റു ചെയ്തു. മുന്‍മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എയുടെ ബിനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാര്‍, ഇടനിലക്കാരനായ പി പി കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ ആദ്യ അറസ്റ്റാണിത്.
ഒട്ടേറെ രാഷ്ട്രീയ പ്രമുഖരുടെയും പൊലീസിലെ ഉന്നതരുടെയും ബിനാമിയാണ് സതീഷ്‌കുമാർ എന്നാണ് ഇഡി സൂചിപ്പിക്കുന്നത്. അറസ്റ്റിലായ പി പി കിരൺ 14 കോടി രൂപയാണ് വിവിധ പേരുകളിലായി കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്തതെന്നും ഇഡി കണ്ടെത്തി. സ്വന്തമായി വസ്തുവകകള്‍ ഇല്ലാതെ കിരണ്‍ കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വായ്പകളാണ് എടുത്തിരുന്നത്. നിലവില്‍ 45 ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാൻ ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.