കേരളം
തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്
തിരുവനന്തപുരത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. കരമന നേമം മേഖലയിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ തുടർച്ചയാകുകയാണ്.
കഴിഞ്ഞ ദിവസം കരമനയിൽ അഖിൽ എന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പ്രതികളെ 3 ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്. സംഭവം മാധ്യമങ്ങളിലടക്കം ചർച്ചാവിഷയമായതോടെയാണ് പൊലീസ് ഇടപെടുകയും അടിയന്തര നടപടികളിലേക്ക് കടക്കുകയും ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. പൊലീസിനെതിരെ വ്യാപക വിമർശനവുമുയർന്നിട്ടുണ്ട്. സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീടുകളിൽ റെയ്ഡ് നടത്താനുള്ള തീരുമാനം.
ഇന്ന് പുലർച്ചെ മുതലാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്. ഇവരിൽ കാപ്പ ചുമത്തപ്പെട്ട പ്രതികളുടെ വീടുകളുമുണ്ട്. സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.