കേരളം
‘യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തം, യുവാക്കളുടെ പ്രവാസം കഴിവുകളുടെ ദൃഷ്ടാന്തം’

യുവാക്കൾ നാടിന്‍റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും- മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്‍റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിൻ ആയി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സോഷ്യൽ ക്യാപിറ്റലിനെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി ഇതിനെ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുകൾ ഇല്ലാത്തതോ മാന്യമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതോ ആയ സ്ഥലമാണ് കേരളമെന്നു പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കൾ വിദേശത്തേക്ക് പോകുന്നത് ഇതുകൊണ്ടാണെന്ന് അത്തരക്കാർ ആക്ഷേപിക്കാറുണ്ട്. നമ്മുടെ യുവാക്കൾ തങ്ങളുടെ ശേഷികൾക്കനുസൃതമായ തൊഴിലുകൾ തേടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പോകാറുണ്ട് എന്നത് വസ്തുതയാണ്.
കുടിയേറ്റത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിൽക്കുന്ന ചരിത്രം തന്നെ കേരളത്തിനുണ്ട്. ഏതു നൂതന മേഖലയിലും ലോകത്താകെ ഇന്നു മലയാളികളുണ്ട്. നമ്മൾ ആ മേഖലകളിലെല്ലാം മികച്ച ശേഷികൾ കൈവരിച്ചതുകൊണ്ടാണ്. കേരളീയരുടെ പ്രവാസം നമ്മൾ ആർജ്ജിച്ച കഴിവുകളുടെയും ശേഷികളുടെയും ദൃഷ്ടാന്തമാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!