കേരളം
യുവതിയെ മര്‍ദിച്ച കേസ്; എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം
ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിയായ യുവതിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിക്കാരിയായ അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നാണ് കേസ്. കേരളംവിട്ട് പുറത്തുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. എം.എല്‍.എ. ഒരു ലക്ഷം രൂപ കെട്ടിവെക്കണം. രണ്ടുദിവസം പോലീസിനുമുന്നില്‍ ഹാജരാകണം. ആള്‍ജാമ്യവും വ്യവസ്ഥയിലുണ്ട്.
പരാതിക്കാരി കന്യാകുമാരിയിലായിരുന്ന രണ്ടുദിവസം അവരുമായി എല്‍ദോസ് കുന്നപ്പിള്ളി സംസാരിച്ചിരുന്നുവെന്ന് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. ഇതിന്റെ തെളിവുകള്‍ എല്‍ദോസിന്റെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കി. പ്രശ്നമുണ്ടായി എന്ന് പരാതിക്കാരി അവകാശപ്പെട്ടതിന് ശേഷവും ഇരുവരും തമ്മില്‍ ബന്ധപ്പെട്ടിരുന്നു എന്ന് തെളിയിക്കാനാണ് അഭിഭാഷകന് ഫോണ്‍ രേഖകള്‍ ഹാജരാക്കിയത്. ശബ്ദസന്ദേശത്തിന്റെ രേഖകളും അഭിഭാഷകന് കോടതിയില്‍ ഹാജരാക്കി. ഇതുകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
എം.എല്‍.എക്കെതിരായ ലൈംഗികാതിക്രമക്കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലും നേരത്തെ എല്‍ദോസിന് ജാമ്യം ലഭിച്ചിരുന്നു. പത്തുദിവസം പോലീസിനുമുന്നില്‍ ഹാജരാകാന്‍ ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായെന്നാണ് സൂചന.