രാജ്യാന്തരം
യുഎഇയിൽ മഴ കനത്തു; ജാഗ്രത പാലിക്കണമെന്ന് അടിയന്തര മുന്നറിയിപ്പ്

യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്തയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു.
സ്കൂളുകളിൽ വിദൂര പഠനമാണ് നടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വർക് ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും അധികൃതർ ഇന്നലെ ഇതുസംബന്ധിച്ച് അനുവാദം നൽകിയിരുന്നു. ബീച്ചുകളും താഴ്വാരങ്ങളും തടാകങ്ങളും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബിയിലും ദുബായിലും ഇംഗ്ലിഷിലും അറബികിലും സമാനമായ സുരക്ഷാ അലേർട്ടുകൾ താമസക്കാർക്ക് ലഭിച്ചു.
പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെ അബുദാബിയിലും ദുബായിലും ഇടിമിന്നൽ അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. രാജ്യത്തുടനീളം താപനിലയിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നു. സുരക്ഷിതമായി വാഹനമോടിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജീവന് അപകടമുണ്ടാക്കുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും മുന്നറിയിപ്പും നൽകി.
മഴക്കാലത്തും പ്രതികൂല കാലാവസ്ഥയിലും നിവാസികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം, പ്രത്യേകിച്ച് ബീച്ച്, വാദി(തടാകം) പ്രദേശങ്ങളിൽ. അതേസമയം, ഷാർജയിലും മറ്റും ഇന്നലെ റോഡുകളിലും മറ്റുമുണ്ടായ മഴ വെള്ളം വൈകിട്ടോടെ നീക്കം ചെയ്തെങ്കിലും ഇന്ന് രാവിലെ മുതൽ വീണ്ടും റോഡുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!