രാജ്യാന്തരം
ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍; മാപ്പു പറഞ്ഞ് മെറ്റ
![How To Share From Facebook to Instagram with Android Banner](https://citizenkerala.com/wp-content/uploads/2021/04/How-To-Share-From-Facebook-to-Instagram-with-Android-Banner.jpg)
ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നരമണിക്കൂറോളം. എട്ടര മുതലാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതിനുമുന്‍പും ഫെയ്‌സ്ബുക്ക് നിശ്ചലമായിട്ടുണ്ടെങ്കിലും ഇത്രയധികം സമയം പ്രവര്‍ത്തനരഹിതമാകുന്നത് അപൂര്‍വമാണ്.
ആപ്പുകള്‍ ലോഡ് ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും റിഫ്രഷ് ചെയ്യാനും സാധിക്കാത്ത അവസ്ഥയുണ്ടായി. ചിലര്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് ലോഗ് ഔട്ടായി. ഇന്ത്യയിലും ലോകത്തെ പല ഭാഗങ്ങളിലുമുള്ളവരും പ്രശ്‌നം നേരിട്ടു. ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ യൂട്യൂബിനും സമാനമായ പ്രശ്‌നമുണ്ടായി.
യൂസര്‍മാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തിക്കൊണ്ട് മെറ്റ രംഗത്തെത്തി. മെറ്റയുടെ വക്താവായ അന്‍ഡി സ്റ്റോണ്‍ എക്‌സിലൂടെയാണ് ക്ഷമാപണം നടത്തി. സാങ്കേതിക തകരാറുമൂലം ഞങ്ങളുടെ സേവനങ്ങളില്‍ തടസം നേരിട്ടു. പരമാവധി വേഗത്തില്‍ ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു. ബുദ്ധിമുട്ട് നേരിടുന്നവരോട് ക്ഷമാപണം നടത്തുന്നു.- ആന്‍ഡി സ്റ്റോണ്‍ കുറിച്ചു.
മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചതില്‍ പരിഹാസവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തി. നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നതിനു കാരണം ഞങ്ങളുടെ സര്‍വീസുകള്‍ ലഭിക്കുന്നതുകൊണ്ടാണ് എന്നാണ് മസ്‌ക് കുറിച്ചത്. പിന്നാലെ ആന്‍ഡി സ്റ്റോണിന്റെ എക്‌സിലെ കുറിപ്പും മീമിനൊപ്പം പങ്കുവെക്കുകയായിരുന്നു.