രാജ്യാന്തരം
ബാള്‍ട്ടിമോര്‍ അപകടം: കാണാതായവര്‍ ജീവനോടെയിരിക്കാന്‍ സാധ്യതയില്ല, തിരച്ചില്‍ അവസാനിപ്പിച്ചു
ചരക്കുകപ്പല്‍ ഇടിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍ വീണ് കാണാതായ ആറുപേരും മരിച്ചതായി അനുമാനിക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചിലും അധികൃതര്‍ അവസാനിപ്പിച്ചു. പാലം തകര്‍ന്നപ്പോള്‍ കാണാതായ നിര്‍മാണ തൊഴിലാളികളായിരുന്നു ആറുപേരും.
തിരച്ചില്‍ തുടങ്ങി 18 മണിക്കൂറുകള്‍ പിന്നിട്ടതുകൊണ്ടും, കൂടാതെ നദിയിലെ ജലത്തിന്റെ താപനിലയും കണത്തിലെടുത്താല്‍ കാണാതായവരില്‍ ആരും ജീവനോടെയിരിക്കാന്‍ സാധ്യത ഇല്ലെന്നാണ് കോസ്റ്റ് ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ഷാനന്‍ ഗില്‍റെത്ത് പറയുന്നത്.
പാലം സ്ഥിതിചെയ്തിരുന്ന പടാപ്സ്‌കോ നദിയില്‍ ഇപ്പോള്‍ വേലിയേറ്റ സമയമായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മാത്രമല്ല, പാലത്തിന് താഴെയുള്ള നദിയുടെ ആഴം 40 അടി മുതല്‍ 60 അടി വരെയാണ്. മുങ്ങല്‍ വിദഗ്ധര്‍ കൂടുതല്‍ ആഴത്തില്‍ പോകുന്തോറും അവര്‍ നേരിടുന്ന തണുപ്പും കാഴ്ചപരിധി പൂജ്യവുമാണെന്നതും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായിരുന്നു.
ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന് 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നത് ഹൃദയഭേദകമായ നിഗമനമാണെന്ന് മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ പ്രതികരിച്ചു. ‘ഇത് ഒരു വെല്ലുവിളി നിറഞ്ഞ ദിവസത്തിന് ശരിക്കും ഹൃദയഭേദകമായ സമാപനമാണ്’- അദ്ദേഹം പറഞ്ഞു.
കാണാതായവരെ കണ്ടെത്തുന്നതിനായി സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ചുവെന്നും ചൊവ്വാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 26 ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഏകദേശം 01:30 ന് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിലൊന്നില്‍ സിംഗപ്പൂര്‍ ഉടമസ്ഥതയിലുള്ള ചരക്കു കപ്പല്‍ ഇടിക്കുകയും തുടര്‍ന്ന് പാലം തകര്‍ന്ന് നദിയിലേക്ക് വീണുപോകുകയുമായിരുന്നു.