കേരളം
CMRL-എക്സാലോജിക് ഇടപാടിൽ വീണ വിജയന് ആശ്വാസം; കേസ് വിധി പറയും വരെ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന് കർണാടക ഹൈക്കോടതി

CMRL-എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് താൽക്കാലിക ആശ്വാസം. കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു.
സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ണാടക ഹൈക്കോടതിയിൽ വീണാ വിജയന്‍ ഹര്‍ജി നല്‍കിയത്. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ പേരില്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് പരിഗണിച്ചത്.
എസ്.എഫ്.ഐ.ഒ. അന്വേഷണം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. അന്വേഷണം പ്രഖ്യാപിച്ച് ജനുവരി 31-ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വാദം കേട്ട ശേഷം ഈ കേസിലെ വിധി പറയും വരെ
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേന്ദ്രസർക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് കേസിലെ എതിർ കക്ഷികൾ. വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന്റെ സേവന – സാമ്പത്തിക ഇടപാട് രേഖകൾ തേടി എസ്ഐഎഫ്ഐഒ സമൻസയച്ചതിന് പിന്നാലെയാണ് കമ്പനി നിയമവഴിയിൽ നീങ്ങിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!