കേരളം
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിന് സ്വീകരണ പരിപാടിക്കിടെ പരിക്കേറ്റത് ബി.ജെ.പി പ്രവർത്തകന്റെ കൈയിൽ ഉണ്ടായിരുന്ന താക്കോൽ തട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി ജിത്തു ഭവനിൽ സനൽ പുത്തൻവിളയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു.
അടുത്ത സ്വീകരണ സ്ഥലത്തേക്കുള്ള വഴി ചൂണ്ടിക്കാട്ടുന്നതിനിടെ സനലിന്റെ കൈവശമുണ്ടായിരുന്ന, സ്കൂട്ടറിന്റെ താക്കോൽ സ്ഥാനാർത്ഥിയുടെ കണ്ണിൽ തട്ടുകയായിരുന്നു. ബി.ജെ.പി പ്രവർത്തകർ തന്നെയെടുത്ത മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് കുണ്ടറ എസ്.എച്ച്.ഒ പറഞ്ഞു.
20ന് വൈകിട്ട് അഞ്ചരയോടെ മുളവന ചന്തയിലെ സ്വീകരണത്തിനിടെയാണ് കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റത്. ബി.ജെ.പി പ്രവർത്തകരുടെ കൈ തട്ടി പരിക്കേറ്റതാകാമെന്ന സംശയം ആദ്യംതന്നെ ഉയർന്നിരുന്നു. ചിലയിടങ്ങളിൽ സ്വീകരണം അലങ്കോലമാക്കാനുള്ള ശ്രമങ്ങൾ കൂടി നടന്ന പശ്ചാത്തലത്തിൽ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണകുമാർ കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.