കേരളം
ആലപ്പുഴയില്‍ 13 വയസുകാരന്റെ ആത്മഹത്യ; പി.ടി അധ്യാപകനെതിരെ ആരോപണവുമായി ബന്ധുക്കള്‍

ആലപ്പുഴ കലവൂരില്‍ 13 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകനെതിരെ കുടുംബം. നിസാര കാര്യത്തിന് പിടി അധ്യാപകന്‍ ശിക്ഷിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സഹപാഠികളും പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് മനോജ്-മീര ദമ്പതികളുടെ മകന്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയായ പ്രജിത് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സ്‌കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും മറ്റൊരു സഹപാഠിയെയും സ്‌കൂളിലെ തന്നെ പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട് തല്ലുകയും ചെയ്തു എന്നാണ് സഹപാഠികള്‍ പറയുന്നത്.
കടുത്ത മനോവിഷമത്തിലായിരുന്നു സ്‌കൂള്‍ വിട്ട ശേഷം പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രണവ് സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ ഇളയ സഹോദരന്‍ സ്‌കൂള്‍ യൂണിഫോമില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ കൂലിപ്പണിക്കാരനായ അച്ഛന്‍ മനോജും അമ്മ മീരയും വീട്ടില്‍ ഉണ്ടായിരുന്നില്ല.
മകന്റെ മരണത്തിന് കാരണം അധ്യാപകന്റെ ക്രൂരമായ ശിക്ഷാരീതിയാണെന്നും ഇതില്‍ നിയമ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.സംഭവത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഒരുതരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ല എന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. പ്രജിത്തിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത മണ്ണഞ്ചേരി പൊലീസ് തുടര്‍ അന്വേഷണം ആരംഭിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)