കേരളം
ബംഗാളില്‍ സംഭവിച്ചതുതന്നെ കേരളത്തിലും സംഭവിക്കും, പദയാത്ര നേരത്തെ നിശ്ചയിച്ചത് – സുരേഷ് ഗോപി
ബംഗാളില്‍ സംഭവിച്ചത് തന്നെ കേരളത്തിലും സംഭവിക്കുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. കമ്യൂണിസമല്ല, മറിച്ച് ലോകത്തിന് ആവശ്യം സോഷ്യലിസമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിക്ക് ഇ.ഡി കളമൊരുക്കുകയാണെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെയുള്ള പദയാത്ര നാടകമാണെന്ന് പറയുന്നവര്‍ കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ്. അത് അവരുടെ രാഷട്രീയ മൂല്യങ്ങളുടെ പ്രശ്നമാണ്. താന്‍ ടിയാന്മെന് സ്ക്വയറിനെക്കുറിച്ചും യു.എസ്.എസ്.ആറിനെക്കുറിച്ചും പറയണോ. അത് ആദ്യം സംഭവിക്കേണ്ടത് ഇവിടെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി. വന്നതിന് ശേഷമല്ല കരുവന്നൂരിന് പിറകെ ഞാന്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാവേലിക്കര ബാങ്കിന് മുന്നില്‍ ഉണ്ണാവ്രതമിരുന്നിരുന്നു. കൊട്ടിയത്തും കൊട്ടിയൂരും സമാനമായ രീതിയില്‍ പദയാത്ര നടത്തി. അന്ന് എനിക്ക് രാഷട്രീയ പിന്‍ബലമില്ല, പക്ഷേ മനുഷ്യരുടെ പിന്‍ബലമുണ്ടായിരുന്നു, സുരേഷ് ഗോപി പറഞ്ഞു.ഒരു വര്‍ഷം മുന്‍പ് സൂചന കൊടുത്തതിന് ശേഷമാണ് പദയാത്രയുമായി മുന്നോട്ട് വന്നത്. അതിനുശേഷമാണ് ഇ.ഡി വന്നത്. അതുകൊണ്ട് ഇത് പറയുന്നവരുടെ രാഷട്രീയ പ്രത്യയശാസ്ത്രത്തിലുള്ള അവശേഷിക്കുന്ന വിശ്വാസം കൂടി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.