Kerala
ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ബോണറ്റിൽ നിന്ന് പുക, പിന്നാലെ എഞ്ചിനിൽ നിന്ന് തീ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ വാഹനം നിർത്തി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. ആനയോട് സ്വദേശി കണ്ണതറപ്പിൽ ബിബിന്‍റെ മലപ്പുറം രജിസ്ട്രേഷനിലുള്ള മാരുതി 800 കാറാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. തിരുവമ്പാടി കാറ്റാടിനു സമീപമാണ് സംഭവം. സർവീസ് സ്റ്റേഷനിൽ നിന്ന് സർവീസ് ചെയ്ത് പുറത്തിറക്കിയ കാറിന്‍റെ ബോണറ്റിൽ നിന്നും പുകയുയരുകയും എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി ബിബിനും കുടുംബവും പുറത്തേക്ക് ഇറങ്ങിയോടി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. പിന്നീട് മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ പൂർണമായും അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.