രാജ്യാന്തരം
ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ ഷെല്ല് പതിച്ചു; യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ കുടുംബവുമായി സംസാരിച്ച് പ്രധാനമന്ത്രി
യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ കുടുംബവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവീന്റെ പിതാവ് ശേഖര്‍ ഗൗഡയുമായി സംസാരിച്ച പ്രധാനമന്ത്രി കുടുംബത്തെ അനുശോചനം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നവീന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് സുരക്ഷിതയാത്ര ഒരുക്കണമെന്ന് റഷ്യയോടും യുക്രൈനോടും ഇന്ത്യ ആവശ്യപ്പെട്ടു. ഖര്‍ക്കീവില്‍ ഇന്നു രാവിലെയുണ്ടായ റഷ്യന്‍ ഷെല്‍ ആക്രമണത്തിലാണ് കര്‍ണാടക സ്വദേശിയും എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ എസ്ജി കൊല്ലപ്പെട്ടത്.
ഭക്ഷണം വാങ്ങാന്‍ കടയുടെ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. കര്‍ണാടകയിലെ ചെല്ലഗരെ സ്വദേശിയാണ്. യുക്രൈനില്‍ സ്ഥിതി ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനമായ കീവിലുള്ള ഇന്ത്യന്‍ പൗരന്മാര് ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ട്രെയിനോ മറ്റേതെങ്കിലും മാര്‍ഗമോ ഉപയോഗിച്ച് പുറത്തു കടക്കാനാണ് നിര്‍ദേശം നല്‍കിയത്.