കേരളം
സംസ്ഥാനത്ത് ഇന്നുമുതൽ പുതിയ അധ്യയന വർഷം
സംസ്ഥാനത്ത് വീണ്ടുമൊരു ഓൺലൈൻ അധ്യയന വർഷത്തിന് ഇന്നുമുതൽ തുടക്കമാകും. പുതിയ അധ്യയന വർഷം ഇന്ന് രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂലിലാണ് സംസ്ഥാനതല ഉദ്ഘാടനം. 9.30 വരെ പരിപാടികൾ വിക്ടേഴ്സ് ചാനൽ വഴി ലൈവായി സംപ്രേഷണം ചെയ്യും.
മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് മഞ്ജുവാര്യർ, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ ചാനലിലൂടെ ആശംസകൾ അർപ്പിക്കും. 11 മണി മുതൽ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ഉണ്ടാകും. ആദ്യ ദിനം അംഗനവാടി കുട്ടികൾക്ക് മാത്രമാണ് ക്ലാസ് ഉണ്ടാവുക. രണ്ടാം തിയ്യതി മുതൽ നാല് വരെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ട്രയൽ ക്ലാസ് ആകും.
45 ലക്ഷത്തോളം കുട്ടികൾ ഇത്തവണ വീടുകളിലിരുന്ന് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കാളികളാകും. രാവിലെ 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും. പകൽ 11 മുതൽ യുഎൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും.
പകൽ രണ്ട് മുതൽ മൂന്നുവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. വിക്ടേഴ്സ് ചാനൽ വഴി ആദ്യം ക്ലാസുകളുടെ ട്രയലയായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്ക് ശേഷം റിവിഷൻ നടത്തും. തുടർന്നാണ് യഥാർത്ഥ ക്ലാസുകൾ ആരംഭിക്കുക.