ദേശീയം
കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം
കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡല്‍ഹി. ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ കര്‍ഷകര്‍ ഡല്‍ഹി നഗരഹൃദയത്തിലേക്ക് 12.30 ഓടെ പ്രവേശിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ ഇരമ്പിയെത്തിയ ട്രാക്ടര്‍ റാലിയെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.