രാജ്യാന്തരം
ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന്; പരിഭാഷകനും ആദ്യമായി പുരസ്കാരം
ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്. ജെന്നി ഏർപെൻബെക്കിനും കൃതി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും 50,000 പൗണ്ട് സമ്മാനമായി ലഭിക്കും. ഇംഗ്ലിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം നൽകുന്നത്.
കിഴക്കൻ ജർമനിയുടെ അവസാനകാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള സങ്കീർണമായ പ്രണയ കഥയാണ് ‘കെയ്റോസ്’. ബർലിൻ മതിൽ തകർക്കപ്പെടുന്ന സമയത്തെ ജർമനിയിലെ ജീവിത സാഹചര്യങ്ങളാണ് നോവലിലുള്ളത്. 57കാരിയായ ജെന്നി ഏർപെൻബെക്ക് കിഴക്കൻ ജർമനിയിലാണ് വളർന്നത്. രാജ്യാന്തര ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്മാൻ. ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പോഡിനോവ് എഴുതിയ ടൈം ഷെൾട്ടർ എന്ന നോവലിനാണ് കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ചത്.
ഈ വർഷത്തെ ജൂറിയിൽ ചെയർപഴ്‌സനായ എലനോർ വാച്ചെലാണ് പുരസ്കാരം പ്രഖാപിച്ചത്. കവിയായ നതാലി ഡയസ്, നോവലിസ്റ്റ് റൊമേഷ് ഗുണശേഖര, വിഷ്വൽ ആർട്ടിസ്റ്റ് വില്യം കെൻട്രിഡ്ജ്, എഴുത്തുകാരനും എഡിറ്ററും വിവർത്തകനുമായ ആരോൺ റോബർട്ട്‌സൺ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍. ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 6 പുസ്തകങ്ങളായിരുന്നു ഈ വർഷത്തെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. സ്പാനിഷ്, ജർമൻ, സ്വീഡിഷ്, കൊറിയൻ, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത നോവലുകളായിരുന്നു ഇവ. സോറ കിം റസ്സലും യങ്‌ജെ ജോസഫിൻ ബേയും വിവർത്തനം ചെയ്‌ത ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റർ 2-10, കിരാ ജോസഫ്സൺ വിവർത്തനം ചെയ്ത ഇയാ ജെൻബെർഗിന്റെ ദ് ഡീറ്റേൽസ്, ആനി മക്‌ഡെർമോട്ട് വിവർത്തനം ചെയ്ത സെൽവ അൽമാഡയുടെ നോട്ട് എ റിവർ, സാറാ ടിമ്മർ ഹാർവി വിവർത്തനം ചെയ്‌ത ജെന്റെ പോസ്റ്റുമയുടെ വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക്, ജോണി ലോറൻസ് വിവർത്തനം ചെയ്ത ഇറ്റാമർ വിയേര ജൂനിയറിന്റെ ക്രൂക്ക്ഡ് പ്ലോ എന്നിവയായിരുന്നു ബുക്കർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മറ്റു പുസ്തകങ്ങൾ.