ക്രൈം
തിരുവനന്തപുരത്ത് ബന്ധുക്കളെ ഫോണിൽ വിളിച്ച് പറഞ്ഞ് മൂന്നംഗ കുടുംബം ജീവനൊടുക്കി
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയും അച്ഛനും മകനും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ. നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമായത് എന്നാണ് സൂചന.
മൂന്നംഗ കുടുംബം ജീവനൊടുക്കി
ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാൽ ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തി.
എന്തോ ദ്രാവകം കുപ്പിയിൽ നിന്ന് കുടിച്ചു കസേരയിൽ ഇരിക്കുന്ന മണിലാലിനെയാണ് കണ്ടത്. വീടിനകത്തു കയറി നോക്കിയപ്പോൾ സ്മിതയെയും അഭിലാലിനെയും അവശനിലയിൽ കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും പിന്നാലെ മണിലാലിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമർശം. തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്.