രാജ്യാന്തരം
ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ ഒറ്റ വിസ, ജിസിസി ഗ്രാന്‍ഡ് ടൂര്‍സ്; യുഎഇ മന്ത്രി
ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് എന്ന് പേര് നല്‍കിയതായി യുഎഇ ധനകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി അറിയിച്ചു. എല്ലാ ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കുന്നതിന് ഈയൊരൊറ്റ വിസ മാത്രം മതിയാകും. ഈ വിസ ഉപയോഗിച്ച് ജിസിസി മേഖലയില്‍ 30 ദിവസത്തോളം താമസിക്കാനും കഴിയും.
അറേബ്യന്‍ ട്രാവൽ മാര്‍ക്കറ്റിന്റെ ഉദ്ഘാടനദിനമായ തിങ്കളാഴ്ചയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ മേഖലയിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദവും വിനോദസഞ്ചാരികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ചെലവുകള്‍ വഹിക്കുന്നതിനും ഏകീകൃത വിസ സഹായിക്കുമെന്ന് അല്‍ മാരി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
പുതിയ വിസ അവതരിപ്പിക്കുന്നതിലൂടെ മേഖലയിലെ പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 അവസാനത്തോടെ ഈ സംവിധാനം പ്രവര്‍ത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം അതോറിറ്റി ചെയര്‍മാനായ ഖാലിദ് ജാസിം അല്‍ മിദ്ഫ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ നടന്ന യോഗത്തിലാണ് ജിസിസി ടൂറിസം മന്ത്രിമാര്‍ ഏകകണ്ഠമായി ഗള്‍ഫ് വിസയ്ക്ക് അംഗീകാരം നല്കിയത്.
ഷെങ്കന്‍ ശൈലിയിലുള്ള വിസയ്ക്ക് സമാനമായി സിംഗിള്‍ ടൂറിസ്റ്റ് വിസയിലൂടെ വിനോദസഞ്ചാരികള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി ലഭിക്കുക.