രാജ്യാന്തരം
കെ.പി. യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; പ്രാർത്ഥനയോടെ ബിലീവേഴ്സ് സമൂഹം
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയ്ക്ക് (കെ.പി. യോഹന്നാൻ) വാഹനാപകടത്തിൽ ഗുരുതര പരിക്ക്. യു.എസ്സിലെ ടെക്സാസിൽ വെച്ച് ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 05:25-ഓടെയായിരുന്നു അപകടം.
പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് സഭാവക്താവ് അറിയിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയിൽ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാൽ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.
ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന GFA വേൾഡിന്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് കെ പി യോഹന്നാൻ.