കാലാവസ്ഥ
സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും; ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ചൂടു കൂടുമെന്നു മുന്നറിയിപ്പ്. മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെയാണ് താപനില ഉയരുക. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും ഉണ്ട്. 36 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ രണ്ട് ജില്ലകളിൽ താപനില ഉയരുക.
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. സാധാരണയേക്കാൾ 3-5 ഡിഗ്രി കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകുന്നു.