കാലാവസ്ഥ
സംസ്ഥാനത്ത് പരക്കെ മഴ; തെക്കൻ ജില്ലകളിൽ മഴ കനക്കും, ചൂടിന് നേരിയ ആശ്വാസം
വെന്തുരുകിയ മീനച്ചൂടിൽ നിന്നും മേടമാസത്തിലെ വിഷുപുലരിയിൽ എത്തുമ്പോൾ ആശ്വാസമായി മഴ എത്തി. ചൂടിന് നേരിയ ആശ്വാസമേകി സംസ്ഥാനത്ത് പരക്കെ മഴ. വരും ദിവസങ്ങളിലും വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിഷു ആഘോഷത്തിനിടയിൽ ആശ്വാസമായി മഴയെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. വെന്തുരുകിയ മീനച്ചൂടിൽ നിന്നും മേടമാസത്തിലെ വിഷുപുലരിയിൽ എത്തുമ്പോൾ ആശ്വാസമായി മഴ എത്തി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഒപ്പം വടക്കൻ കേരളത്തിലെ ചൂടിന് ചെറുതെങ്കിലും ആശ്വാസമായി ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത ഉണ്ട്. പാലക്കാടും തൃശ്ശൂരിലുമാണ് ചൂട് 39 ഡിഗ്രിയിൽ തുടരുന്നത്. കണ്ണുരും, കോഴിക്കോടും, പത്തനംതിട്ടയിലും 37 ഡിഗ്രിക്ക് മുകളിലാണ് താപനില. എന്നാൽ രണ്ട് ദിവസത്തോടെ വേനൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം ഉൾപ്പടെ തെക്കൻ ജില്ലകളിൽ മഴ കനക്കും. ഒപ്പം 40 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.