കേരളം
രോഗമുക്തരില്‍ ഗുരുതര അസുഖങ്ങള്‍; സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങും
കോവിഡ് മുക്തരില്‍ 10 ശതമാനത്തിലേറെ പേര്‍ക്ക് ഗുരുതര അസുഖങ്ങള്‍ ബാധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചികിത്സിക്കാന്‍ പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങാനുള്ള രൂപരേഖയായി.
പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങും.
വിദഗ്ധരുമായി സംസാരിക്കാന്‍ ടെലി മെഡിസിന് സൗകര്യമൊരുക്കും. കോവിഡ് മുക്തരാകുന്ന പലര്‍ക്കും രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.
ചെറുപ്പക്കാര്‍ക്ക് പോലും ദീര്‍ഘകാലത്തേക്ക് ശ്വാസകോശ പ്രശ്നങ്ങളും കാണപ്പെടുന്നു. 5 ശതമാനം പേര് ഗുരുതരാവസ്ഥയിലേക്ക് പോകുന്നു.
10 മുതല്‍ 15 ശതമാനം പേര്‍ക്കും സാരമായ ആരോഗ്യ പ്രശ്നങ്ങള്‍ ബാധിക്കുന്നതായാണ് നിരീക്ഷണം. കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് കോവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
രോഗമുക്തര്‍ എല്ലാ മാസവും ഇവിടെയെത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും.
ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്യും. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും.
ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് ആശുപത്രികളില്‍ ചികിത്സ നല്‍കും. ടെലി മെഡിസിന് സംവിധാനം ഉപയോഗിച്ചും രോഗമുക്തര്‍ക്ക് ചികിത്സ തേടാം.
സാംക്രമിക രോഗങ്ങളുടെ ചുമതലയുളള ഡെപ്യൂട്ടി ഡി.എം.ഒമാരാണ് ജില്ലാ തലങ്ങളില്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍.
തളര്‍ച്ച, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്നങ്ങളാണ് കോവിഡ് മുക്തരില്‍ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത്.
പലരിലും ഇത് ദീര്‍ഘകാലം നീണ്ടുനില്ക്കുന്നു. ചിലര്‍ക്ക് നേരത്തേയുള്ള രോഗങ്ങള്‍ ഗുരുതരമാകുന്നുമുണ്ട്.