കേരളം
ഓണക്കാലത്തെ തീരാനോവ്; അച്ഛന്റെ കൺമുന്നിൽ മൂന്ന് പെൺമക്കൾ മുങ്ങിമരിച്ചു, അപകടം മണ്ണാർക്കാട്
മണ്ണാർക്കാട് ഭീമനാട് മൂന്ന് സഹോദരങ്ങൾ മുങ്ങിമരിച്ചു. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്.അച്ഛനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവർ. അച്ഛൻ അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തിൽ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിൽ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാരാണ് ഇവരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിക്കും.
മക്കൾ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാൻ പോലും ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞി. സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടിയത്. ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഈ കുളം. അപകടം നടന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് സ്ഥലത്തേക്ക് ആളുകളെത്തിയത്. കുളം ജനവാസ മേഖലയിൽ നിന്ന് അകത്തേക്ക് കയറിയുള്ളതാണ്. ഇതിനാൽ രക്ഷാപ്രവർത്തനവും വൈകിയെന്നാണ് വാർഡംഗം പറയുന്നത്.