കേരളം
ലോറി കാറിലേക്ക് പാഞ്ഞുകയറി, കൈവരിയില്‍ ഇടിച്ചുനിന്നു, കാറിനുള്ളിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്
മറികടക്കുന്നതിനിടെ ടോറസ് ലോറി കാറിലിടിച്ചതിനെതുടര്‍ന്ന് കാറില്‍ കുടുങ്ങിയ സ്ത്രീകളെ അഗ്നിരക്ഷാ സേന രക്ഷിച്ചു. റോഡരികിലെ നടപ്പാതയുടെ ഇരുമ്പു കൈവരിക്കും ലോറിക്കും ഇടയില്‍ കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ കുടുങ്ങിപ്പോവുകയായിരുന്നു. തിരൂർ-ചമ്രവട്ടം റോഡിൽ താഴെ പാലത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. മറികടക്കാനുള്ള ശ്രമത്തിനിടയില്‍ ടോറസ് ലോറി കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിലെ നടപ്പാതയുടെ ഇരുമ്പ് കൈവരിയിൽ ഇടിച്ചുനിന്നു. ഇതോടെ ലോറിക്കും ഇരുമ്പു കൈവരികള്‍ക്കുമിടയില്‍ കാര്‍ കുടുങ്ങിയ നിലയിലായി. കാറിലെ പിന്‍സീറ്റിലുണ്ടായിരുന്ന യാത്രക്കാരായ രണ്ടു സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനുമായില്ല.
നാട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും ഇവരെ പുറത്തെത്തിക്കാൻ സാധിച്ചില്ല. വിവരമറിയച്ചതിനെ തുടർന്ന് അഗ്‌നിര ക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പുകൈവരികൾ മുറിച്ചുമാറ്റിയാണ് ഇവരെ രക്ഷിച്ചത്. വാക്കാട് സ്വദേശികളായ പട്ടത്ത് ഇബ്രാഹിം കുട്ടിയുടെ ഭാര്യ രാഹില (52), മകൾ ഷഹർബാൻ (36) എന്നിവരാണ് കാറിന്‍റെ പിൻസീറ്റിലുണ്ടായിരുന്നത്. അപകടത്തെതുടര്‍ന്ന് താഴെപ്പാലത്ത് ഗതാഗത തടസ്സമുണ്ടായി. രക്ഷാപ്രവർത്തനത്തിന് തിരൂർ അഗ്‌നിരക്ഷാ സേന ഓഫീസർ വി.കെ. ബിജു, സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ സി. മനോജ്, ഫയർ സ്റ്റേഷൻ ഓഫീസർമാരായ കെ നാരായണൻകുട്ടി, എൻ.പി. സജിത്ത്, കെ. നവീൻ, പി.പ്രവീൺ, ഹോംഗാർഡുമാരായ ഗിരീഷ്, സി.കെ. മുരളിധരൻ, തിരൂർ ട്രാഫി ക് എസ്.ഐ. എ. മുരളീധരൻ എന്നിവർ പങ്കെടുത്തു.