കേരളം
കൊല്ലത്ത് റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളർ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്.
രാത്രിയിൽ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളർ കയറിയാണ് മരണം സംഭവിച്ചത്. റോഡ് റോളർ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം പൊലീസെത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തയ്യൽ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.