കേരളം
പ്രസവ ശസ്ത്രക്രിയാ തിയേറ്ററിന് ചുറ്റും പൊടി; ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധ എന്ന് റിപ്പോർട്ട്
തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക പ്രസവ ശസ്ത്രക്രിയാ തിയേറ്ററിന് ചുറ്റും പൊടിയെന്ന് പരാതി. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധ എന്ന് റിപ്പോർട്ട്. ഓഗസ്റ്റ് മാസത്തിലെ കണക്കുപ്രകാരം മൂന്ന് സ്ത്രീകൾക്കാണ് അണുബാധ റിപ്പോർട്ട് ചെയ്തത്.
ഇത് സംബന്ധിച്ച് വനിതാ ഡോക്ടർമാർ ആശുപത്രി അധികൃതർക്ക് കത്ത് നൽകി. പഴയ ശസ്ത്രക്രിയ തീയേറ്റർ അറ്റകുറ്റപ്പണിക്കായി അടച്ചു പൂട്ടിയിരുന്നു. ഇതിന് തൊട്ടടുത്താണ് താത്കാലിക തിയേറ്റർ പ്രവർത്തിക്കുന്നത്.
പണി നടക്കുന്ന പഴയ തിയേറ്ററിൽ നിന്ന് പൊടി പടരുന്നുണ്ടെന്നും ശബ്ദ മലിനീകരണം ഉണ്ടെന്നും കാണിച്ചു ഡോക്ടർമാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകളുടെ മുറിവുകളിൽ ആണ് അണുബാധ കണ്ടെത്തിയത്.
ദിവസേന ആറ് രോഗികളാണ് താൽക്കാലിക തിയേറ്ററിൽ ശസ്ത്രക്രിയക്ക് വിധേയമാകുന്നത്. ഉടനടി പരിഹാരം വേണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. സംഭവത്തിൽ രോഗികളുടെ ബന്ധുക്കളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.