National
ജി 20യില്‍ ‘ഇന്ത്യ’യില്ല; ഭാരത് മാത്രം; ചര്‍ച്ചയായി മോദിയുടെ ഇരിപ്പിടം


പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ലോകത്തിനാകെ നിർണായകമായ വിഷയങ്ങൾക്കാണ് ഉച്ചകോടിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകോടി വേദിയിൽ രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്ന വിധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മോദിയ്ക്കായുള്ള ഇരിപ്പിടത്തിനു മുന്നിലെ ബോർഡിൽ ‘ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ പേര് പൂർണമായും ഭാരത് എന്ന് മാറ്റാൻ കേന്ദ്രസർക്കാർ നീക്കം നടത്തുകയാണെന്ന് ചർച്ചകളും വിമർശനവും സജീവമാകുന്നതിനിടെയാണ് നെയിംബോർഡിലെ പേരുമാറ്റം. 2022 വരെ ജി20 ഉച്ചകോടിയില്‍ ഇന്ത്യ എന്നാണ് രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നത്.
ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവന്‍ നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയതോടെയാണ് പേരുമാറ്റം വലിയ ചർച്ചയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്‍ഡോനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കുറിപ്പിൽ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതും ചർച്ചയായി. ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കി പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ ആലോചന നടക്കുന്നതായുള്ള വാര്‍ത്ത കഴിഞ്ഞയിടയ്ക്കാണ് പുറത്തുവന്നത്.
സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെന്നത് മാറ്റി ഭാരതം എന്ന് ആക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുകയാണ് പ്രതിപക്ഷപാർട്ടികൾ.