Connect with us

Kerala

നയന സൂര്യയുടെ മരണം; ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

Published

on

യുവ സംവിധായക നയന സൂര്യയുടെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഡിസിആര്‍ബി എസി ദിനിലിന്റെ നേതൃത്വത്തില്‍ നടത്തിയ വകുപ്പുതല പരിശോധനയിലെ കണ്ടെത്തല്‍. മതിയായ ശാസ്ത്രീയ തെളിവുകള്‍ പോലും ലോക്കല്‍ പൊലീസ് ശേഖരിച്ചില്ല. മരണം രോഗം മൂലമെന്ന നിഗമനത്തിലെത്തിയത് വിദഗ്‌ധോപദേശം ഇല്ലാതെയാണ്. കുഴഞ്ഞു വീണു മരിച്ചുവെന്ന കണ്ടെത്തലിന് അടിസ്ഥാനമില്ല. അടിവയറ്റിലെ പരിക്കും കഴുത്തിലെ ഒരു മുറിവും അതിഗുരുതരമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നയനയുടെ വസ്ത്രം ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങള്‍ ശേഖരിച്ചില്ല. നയനയുടെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു എന്ന ലോക്കല്‍ പൊലീസിന്റെ കണ്ടെത്തലും തെറ്റാണ്. നയനയുടെ സാമൂഹിക പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ, കേസ് ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്നു വര്‍ഷം മുന്‍പാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പരിക്കുകളുണ്ടെങ്കിലും, തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത വര്‍ധിച്ചത്.

Advertisement