കേരളം
തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
2019 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുകയും അത് കേന്ദ്ര പരിസ്ഥിതി – വനം – കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ ഈ വിജ്ഞാപനത്തിലെ ഇളവുകള്‍ സംസ്ഥാനത്ത് ലഭിക്കുകയുള്ളൂവെന്ന് കെ ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിന് തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ കരട് തയ്യാറായിട്ടുണ്ട്. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി അത് പരിശോധിക്കുകയും പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യും. തുടര്‍ന്ന് സര്‍ക്കാര്‍ പരിശോധിച്ച് കേന്ദ്ര പരിസ്ഥിതി – വനം – കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.