ഇലക്ഷൻ 2024
ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍; തെരഞ്ഞെടുപ്പ് യോഗത്തിൽ മോദി
ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്തുവര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലര്‍ മാത്രമാണ്. ഇനിയാണ് സിനിമ. അടുത്ത അഞ്ചുവര്‍ഷത്തേക്ക് വികസനത്തിനും പാരമ്പര്യത്തിനും മുന്‍തൂക്കം നല്‍കും. ലോക്‌സഭയില്‍ കേരളം ശക്തമായ ശബ്ദം കേള്‍പ്പിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കുന്നംകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വടക്കുനാഥന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി സംസാരിച്ച് തുടങ്ങിയത്. വടക്കുംനാഥന്‍, തൃപ്രയാര്‍, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും ഈ പാവനഭൂമിക്ക് പ്രണാമം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ചൈത്ര നവരാത്രിയുടെ പുണ്യനാളുകളില്‍ ആലത്തൂരില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ പുതുവത്സരത്തിന്റെ വിഷുവിന്റെ ആഘോഷം നടക്കുകയാണ്. കേരളത്തിന്റെ ഈ പുതുവര്‍ഷം പുതിയ തുടക്കമെന്ന് മോദി പറഞ്ഞു. ഈ കാലഘട്ടം വികസിത ഭാരതത്തിനായി പ്രതിജ്ഞ എടുക്കാനുള്ളതാണ്. അതിനുള്ള ഊര്‍ജ്ജം തരുന്നതാണ്.
വികസിതമായ ഭാരതത്തിന്റെ മുഖമുദ്ര ആധുനിക അടിസ്ഥാന സൗകര്യങ്ങളായിരിക്കും. ഇന്ന് രാജ്യത്ത് എക്‌സ്പ്രസ്‌വേകള്‍ ഉണ്ടാക്കുന്നു, പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നു. പശ്ചിമ ഭാരതത്തില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഇനി വടക്കേ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും മാത്രമല്ല ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതുവഴി വികസനത്തിന്റെ ഗതിവേഗം വര്‍ധിക്കും. അനേകായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
വരാന്‍ പോകുന്ന എന്‍ഡിഎ സര്‍ക്കാര്‍ എത്രയും വേഗം ബുള്ളറ്റ് ട്രെയിനിന്റെ സര്‍വേ ജോലി ആരംഭിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തില്‍ അക്രമം സാധാരണ സംഭവമായി മാറി. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു. കോളജുകളില്‍ കുട്ടികള്‍ വരെ ആക്രമിക്കപ്പെടുന്നു. വികസനം തടസ്സപ്പെടുത്തുന്നതാണ് ഇടതിന്റെ നയം. എല്ലാം നശിപ്പിക്കുന്നതാണ് ഇടതു നയം. ത്രിപുരയിലും ബംഗാളിലും ഇതു നാം കണ്ടതാണ്. പാവപ്പെട്ടവരുടെ പണം സിപിഎം കൊള്ളയടിച്ചെന്ന്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സഹകരണ തട്ടിപ്പിനെക്കുറിച്ച് സിപിഎം മുഖ്യമന്ത്രി മൂന്നു വര്‍ഷമായി നുണ പറയുകയാണെന്ന് മോദി പറഞ്ഞു. സിപിഎമ്മുകാര്‍ പാവങ്ങളുടെ കോടികളാണ് കൊള്ളയടിച്ചത്. വിവാഹം പോലും മുടക്കി പാവപ്പെട്ട കുടുംബങ്ങളെ വിഷമത്തിലാക്കി. സഹകരണ തട്ടിപ്പിനെപ്പറ്റി രാഹുല്‍ഗാന്ധി ഒന്നും പറയുന്നില്ല. സഹകരണ തട്ടിപ്പുകാരെ ഒരാളെയും വെറുതെ വിടില്ല. കേരള സര്‍ക്കാരിന് അഴിമതിയിലാണ് താല്‍പ്പര്യം. കേരളത്തിലെ ഇടതു-വലതു മുന്നണികളെ ജനങ്ങള്‍ സൂക്ഷിക്കണം. കേരളത്തിന് പുറത്ത് അവര്‍ ഒന്നാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് പ്രധാനമന്ത്രി എത്തിയത്. രാവിലെ 10.50ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത്.