കേരളം
സംസ്ഥാനത്തെ ഒരു വിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ ത്രിശങ്കുവിൽ
Update:
സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവിനു പിന്നാലെയുള്ള നിയമക്കുരുക്കിലും ആശയക്കുഴപ്പത്തിലും സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ഹയർ സെക്കൻഡറി അധ്യാപകർ ആശങ്കയിൽ. ശരിയായ രീതിയിൽ ഹാജർ രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ സർവീസ് ബ്രേക്ക് ഉണ്ടാകുമോ എന്നും അധ്യാപകർക്ക് ആശങ്കയുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്ത് നാനൂറോളം അധ്യാപകരുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ കൂടുതൽ സങ്കീർണമായിരിക്കുന്നു എന്നാണ് സൂചന.
അധ്യാപകരുടെ ആശങ്കയ്ക്ക് കാരണം ഇങ്ങനെ.
വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 16-ന് ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കി. ഉത്തരവിനെതിരെ ഒരു വിഭാഗം അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ഫെബ്രുവരി 21-ന് സ്ഥലംമാറ്റ നടപടികൾ സ്റ്റേ ചെയ്യപ്പെടുകയും ചെയ്തു.
എച്ച് എസ് എസ് ടി പി ട്രെയിനിങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന അധ്യാപകർക്കും കെഎസ്ആർ ചട്ടം (പാർട്ട് 1 റൂൾ 125-138 ) അനുസരിച്ച് ജോയിനിങ് ടൈം എടുത്ത അധ്യാപകർക്കും സ്റ്റേ വന്നതുമൂലം പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പ്രസ്തുത അധ്യാപകർ ഹയർ സെക്കൻ്ററി ഡയരകറേറ്റിലും അവരുടെ പരിധിയിലെ ആർ ഡി ഡി ഓഫീസിലും ഇക്കാര്യം റിപ്പോർട്ടുചെയ്യുകയുണ്ടായി.ഇത്തരത്തിൽ സംസ്ഥാനത്ത് നാനൂറോളം അധ്യാപകരുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. തുടർന്ന് പരീക്ഷാഡ്യൂട്ടി സംബന്ധിച്ചും ഫെബ്രുവരി മാസത്തെ ശമ്പളം സംബന്ധിച്ചും ഡയറക്ടറേറ്റ് സർക്കുലർ ഇറക്കുകയും ചെയ്തു.
സ്റ്റേ നീക്കുവാനായി സർക്കാർ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തന്നെ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ട്രിബൂണൽ മാർച്ച് 13, 15- തീയതികളിൽ കേസ് പരിഗണിച്ചുവെങ്കിലും വാദം കേൾക്കുന്നതിനായി ഏപ്രിൽ 8-ാം തിയതിയിലേക്ക് മാറ്റി വെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ കൂടുതൽ സങ്കീർണമായിരിക്കുന്നു എന്നാണ് സൂചന. രണ്ടു സ്ഥലത്തും ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കാൻ കഴിയാത്ത ബുദ്ധിമുട്ടിലാണ് അധ്യാപകർ.
അതിനിടയിൽ വലിയ ഉത്തരവാദിത്തമുള്ള പരീക്ഷാ ഡ്യൂട്ടികൾ ചെയ്യേണ്ടിവരുന്നു. ഏപ്രിലിൽ പരീക്ഷാ മൂല്യനിർണ്ണയവും തിരഞ്ഞെടുപ്പു ജോലികളും ഏതാണ്ട് ഒരേസമയം ഏറ്റെടുക്കേണ്ടിവരും. മാർച്ച് 26-ന് പരീക്ഷ അവസാനിച്ചാൽ ജോലിയിൽ പ്രവേശിക്കാൻ ഒരു സ്റ്റേഷൻ ഈ അധ്യാപകർക്കില്ല.
കേസ് നീണ്ടു പോയാൽ വേനലവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കുമോ എന്നും ഹാജർ രേഖപെടുത്താനാകാതെ ഇല്ലാതെ സർവീസ് ബ്രേക്ക് ഉണ്ടാകുമോ എന്നുള്ള ആശങ്കയും അധ്യാപകർ പങ്കുവെക്കുന്നു. ഹയർ സെക്കൻ്ററി ഡയറക്ടറേറ്റുമായി ബന്ധപ്പെടുമ്പോൾ വ്യക്തമായ ഒരു മറുപടിയും ലഭിക്കുന്നുമില്ല. കോടതിയിൽ നിൽക്കുന്ന പ്രശ്നമാണെന്നു പറഞ്ഞു കൈമലർത്തുകയാണ് മേലധികാരികൾ എന്നാണ് അധ്യാപകർ ആരോപിക്കുന്നത്.
പ്രശ്നം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിൽകണ്ട് ഉന്നയിക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു . പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം എന്നും അവർ ആവശ്യപ്പെടുന്നു.