കേരളം
കെഎസ്ആർടിസി ശമ്പള പരിഷ്കരണ ചർച്ച വേഗത്തിലാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി
കെഎസ്ആർടിസി ശമ്പള പരിഷ്കരണ ചർച്ച വേഗത്തിലാക്കൻ മന്ത്രിതല ചർച്ചയിൽ മുഖ്യമന്ത്രി നിർദേശം നൽകി. മധ്യപ്രദേശ് മോഡൽ യൂണിയനുകളുമായി ചർച്ച ചെയ്യണമെന്നാണ് യോഗത്തിൽ മുന്നോട്ടുവന്ന പ്രധാന നിർദേശം. ശമ്പള പരിഷ്കരണം അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാൽ അധിക ജീവനക്കാർക്ക് 50 ശതമാനം ശമ്പളം നൽകി ലീവിൽ പോകാൻ അനുവദിക്കുന്നതാണ് മധ്യപ്രദേശ് മോഡൽ. മന്ത്രിമാരുടെ ചർച്ചയിൽ മുഖ്യമന്ത്രിയാണ് നിർദ്ദേശം മുന്നോട്ടു വെച്ചത്. മുഖ്യമന്ത്രി ഇന്ന് ധന-ഗതാഗതമന്ത്രിമാരുമായി ചർച്ച നടത്തി. കണ്ടക്ടർ മെക്കാനിക്കൽ വിഭാഗത്തിൽ 7500-ഓളം ജീവനക്കാർ അധികമുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം മധ്യ പ്രദേശ് മോഡൽ അടിചേൽപ്പിക്കില്ലെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഇത് സ്വീകരിക്കാം. കെഎസ്ആർടി സി എംഡി യൂണിയനുകളുമായി ചർച്ച തുടരും. ധനമന്ത്രിയും ഗതാഗത മന്ത്രിയും നാളെ വീണ്ടും ചർച്ച നടത്തും. കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ക്കരണ ചർച്ച തുടരാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. ശമ്പള പരിഷ്കരണം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം.
ഭരാണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്‍ നവംബര്‍ അഞ്ചിനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. ഒക്ടോബര്‍ മാസം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല.പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും മൂന്നുമാസത്തെ കുടിശികയുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം.
പത്തുവര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്‍കരണ ചര്‍ച്ചകള്‍ വഴി മുട്ടി. സെപ്റ്റംബര്‍ 20 ന് ശേഷം ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല.7500 ത്തോളം ജീവനക്കാര്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതലാണെന്ന് കെഎസ്ആര്‍ടിസി വിലയിരുത്തിയിട്ടുണ്ട്. വരുമാനത്തില്‍ നിന്ന് ശമ്പളച്ചെലവ് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ലേ ഓഫ് വേണ്ടി വരുമെന്ന് എംഡി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നയപരമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും ഈ നിര്‍ദ്ദേശം പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ നിയമസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.