കേരളം
സംസ്ഥാനത്തെ ആദ്യ തുരങ്കപാത; കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാതയുടെ തൃശ്ശൂര്‍-പാലക്കാട് ഹൈവേയിലെ ഗതാഗതക്കുരുക്കിന് ഇതോടെ വലിയ പരിഹാരമാകും.
കൊച്ചി കോയമ്പത്തൂര്‍ ദേശീയപാതയിലെ യാത്ര സമയം കുറയും എന്നതാണ് തുരങ്കം തുറക്കുന്നതിലെ പ്രധാന സവിശേഷത. സംസ്ഥാനത്തെ ആദ്യ തുരങ്കപാതാണ് കുതിരാനിലേത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഗതാഗതം ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദേശം.
അതേസമയം നിര്‍മാണത്തുടക്കം മുതല്‍ നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ച കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറന്ന വേളയിലും വിവാദത്തിന് സാക്ഷിയായി. സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തുരങ്കം തുറന്നത്. ഓഗസ്റ്റ് ഒന്ന്, രണ്ട് അല്ലെങ്കില്‍ ഓണത്തിന് മുന്‍പ് ഒരു തുരങ്കം തുറക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന് പിന്നീട് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ല.
തുരങ്കം സന്ദര്‍ശിച്ച ദേശീയപാത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കിട്ടുക എന്നത് മാത്രമാണ് അവശേഷിച്ചിരുന്ന ഒരേ ഒരു കാര്യം. അടുത്തയാഴ്ചയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും റീജണല്‍ ഓഫീസിന് കൈമാറിയ റിപ്പോര്‍ട്ടിന് ഇന്ന് അംഗീകാരം ലഭിക്കുക കൂടി ചെയ്തതോടെയാണ് തുരങ്കം ഇന്ന് തന്നെ തുറക്കാനുള്ള തീരുമാനമുണ്ടായത്.