കേരളം
രണ്ടാം ഘട്ട രോഗ വ്യാപനം പ്രതിരോധിക്കണം; വാക്സിൻ പരമാവധി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
രാജ്യത്തെ പലയിടങ്ങളിലും രണ്ടാംഘട്ട കൊവിഡ് വ്യാപനം ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തിൽ ഇത്തരത്തിലുളള ഒരു സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ പരമാവധി വാക്സിൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ഇതുവരെ 26 ലക്ഷം പേർക്കാണ് വാക്സിൻ ലഭ്യമാക്കിയതെന്നും. ഇനി എപ്രിൽ 1 മുതൽ 45 വയസ്സിന് മുകളിലുളളവർക്ക് വാകിസൻ ലഭ്യമാക്കുന്നതോടെ ഒരു കോടിയലധികം ആളുകൾക്ക് വാക്സിൻ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് 90 ശതമാനം പേർക്കും കൊവിഡ് ഉണ്ടായിട്ടില്ലെന്നും, ഇതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ഒരു വലിയ വൈറസ് വ്യാപനത്തിന് തന്നെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.