Kerala
VSSC പരീക്ഷാ തട്ടിപ്പ്: ഡി.ആർ.ഡി.ഒയിലെ 2 ജീവനക്കാരും കരസേനയിലെ ക്ലാർക്കും പ്രതികൾ


വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പ്രതികളാകും. ഡി.ആർ.ഡി.ഒയിലെ 2 ജീവനക്കാരും കരസേനയിലെ ക്ലാർക്കുമാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ കണ്ടെത്താന്‍ പോലീസ് ഉത്തരേന്ത്യയിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. ബഹിരാകാശ ഗവേഷണ സ്ഥാപനമായ വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ , ട്രാഫ്റ്റ്സ്മാൻ തുടങ്ങിയ തസ്തികളിലേക്ക് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
എന്നാല്‍ സംഭവം കേവലം പരീക്ഷാ തട്ടിപ്പല്ലെന്നും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ കയറിക്കൂടി അട്ടിമറി നടത്താനുള്ള ശ്രമമായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നു. പണം വാങ്ങി ആൾമാറാട്ടത്തിലൂടെ പരീക്ഷയെഴുതി യുവാക്കളെ ജോലിക്ക് കയറ്റുന്ന തട്ടിപ്പ് എന്ന രീതിയിലാണ് അന്വേഷണം ഇതുവരെ മുന്നോട്ടു പോയത്. എന്നാൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ രണ്ട് ജീവനക്കാരും കരസേനയിലെ ക്ലാർക്കും തട്ടിപ്പിലുൾപ്പെട്ടതോടെയാണ് അന്വേഷണത്തിന് പുതിയ മാനം കൈവന്നത്.
രാജ്യത്തിന്റെ യുദ്ധോപകരണങ്ങളടക്കം സജ്ജമാക്കുന്ന തന്ത്രപ്രധാനമായ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യിലെ ജീവനക്കാര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽ സമാനമായ ഹൈടെക്ക് പരീക്ഷാ തട്ടിപ്പിലൂടെ നിരവധി യുവാക്കളെ ജോലിക്ക് കയറ്റിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെയെല്ലാം വിവരം ശേഖരിച്ച് അതത് വകുപ്പുകൾക്ക് കൈമാറാനുള്ള ശ്രമത്തിലാണ് പോലീസ്.