കേരളം
കൈപ്പത്തിക്ക് കുത്തിയാൽ വോട്ട് ബിജെപിക്ക്; വയനാട്ടിൽ യന്ത്രത്തകരാർ

കൽപ്പറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ യന്ത്രത്തകരാർ ഇല്ലെന്ന് ഉറപ്പ് വരുത്തിയതോടെയാണ് വീണ്ടും വോട്ടിങ് തുടങ്ങിയത്.
കണിയാമ്പറ്റ പഞ്ചായത്തിലെ ബൂത്ത് 54-ൽ കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നുവെന്ന ആരോപണം മൂന്ന് വോട്ടർമാരാണ് ഉന്നയിച്ചത്.
ആദ്യം ആരോപണമുയർത്തിയ രണ്ട് പേർ കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ടിന് വിവിപാറ്റിൽ താമര ചിഹ്നം തെളിയുന്നുവെന്നും മൂന്നാമത്തെയാൾ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ ആന തെളിയുന്നുവെന്നും പരാതിപ്പെട്ടു.
ഇതേത്തുടർന്ന് പോളിങ് അൽപ്പസമയത്തേക്ക് നിർത്തിവെച്ച് ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ രണ്ട് തവണ പരിശോധിച്ചെങ്കിലും കുഴപ്പമൊന്നും കണ്ടില്ല. ഇതിന് പിന്നാലെയാണ് വീണ്ടും പോളിങ് തുടർന്നത്.