കേരളം
അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍
അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. കെ റെയിലിനാണ് നിര്‍മ്മാണച്ചുമതല. വിമാനത്താവളങ്ങളുടെ മാതൃകയിൽ സ്റ്റേഷനൊരുങ്ങാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് യാത്രക്കാർ. സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കും എത്തിച്ചേരുന്നവർക്കുമായി വെവ്വേറെ ലോഞ്ചുകൾ.
ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ. നിലവിലെ സ്റ്റേഷനിലെ പ്രധാന പൈതൃക മന്ദിരം അതേപടി നിലനിർത്തി, തെക്ക് – വടക്ക് ഭാഗങ്ങളിലായി പുതിയ കെട്ടിടങ്ങൾ. തെക്കു വശത്ത് 400 കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും സൗകര്യപ്രദമായ മൾട്ടിലെവൽ കാർ പാർക്കിങ് സംവിധാനം. അക്വാ ഗ്രീൻ നിറത്തിൽ തരംഗാകൃതിയിലെ മേൽക്കൂരയും ആനത്തലയുടെ രൂപമുള്ള തൂണുകളും. ഇങ്ങനെ വിമാനത്താവള മാതൃകയിലാണ് സ്റ്റേഷന്‍റെ നവീകരണം.
കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് നവീകരണം. കെ റെയിലിനും റെയില്‍ വികാസ് നിഗം ലിമിറ്റഡിനും സംയുക്തമായാണ് കരാര്‍. 439 കോടി രൂപയുടെ പദ്ധതി. നിര്‍മ്മാണ കാലാവധി 42 മാസമാണ്. ട്രെയിൻ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുൻപ് മാത്രം യാത്രക്കാർ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് പ്ലാറ്റ്ഫോമിലെ തിരക്ക് കുറയ്ക്കും. ഇതിനായി പുറത്ത് പ്രത്യേക ഇരിപ്പിടങ്ങളും സജ്ജീകരിക്കും.
ട്രെയിൻ വിവരങ്ങൾ അറിയിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ കൂടുതലായി സ്ഥാപിക്കും. കേരളത്തിന്‍റെ അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം കാത്തുനില്‍ക്കുന്നതിനിടെ, കെ-റെയില്‍ ഏറ്റെടുക്കുന്ന സുപ്രധാന പദ്ധതിയാണിത്. നേരത്തെ, വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിയുടെ കരാറും കെ-റെയില്‍-ആര്‍.വി.എന്‍.എല്‍ സഖ്യം നേടിയിരുന്നു.
വര്‍ക്കലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നു വരികയാണ്. കേരളത്തിലെ 27 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കാനുള്ള ചുമതലയും കെ-റെയിലിനാണ്.