കേരളം
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ കിട്ടാനില്ല; വാക്സിൻ ക്ഷാമം രൂക്ഷം
സംസ്ഥാനത്ത് കൊവാക്സിന് ക്ഷാമം രൂക്ഷമാകുന്നു. ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിന് സമയമായ പലര്‍ക്കും വാക്സിന് നല്‍കാനാകുന്നില്ല. നാലു മുതല്‍ ആറ് ആഴ്ചയ്ക്കുള്ളിലാണ് കൊവാക്സിന് രണ്ടാം ഡോസെടുക്കേണ്ടതെങ്കിലും ഇതിനാവശ്യമായ ഡോസ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭ്യമാകുന്നില്ല.
ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിന് സമയമായ നിരവധി പേരാണ് എല്ലാ ദിവസവും വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തുന്നത്. തിരുവനന്തപുരത്ത് രണ്ട് ദിവസമായി സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നിട്ട്. ഇതിന് സമാനമാണ് മറ്റ് ജില്ലകളിലെയും സാഹചര്യം.
45 വയസ്സിന് മുകളിലുള്ളവര്‍ക്ക് അടുത്ത ഡോസ് നല്കണമെങ്കില് കേന്ദ്രം കൂടുതല്‍ ഡോസ് അനുവദിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. റീജിയണല്‍ വാക്സിന് സെന്ററുകളില്‍ കൊവാക്സിന് സ്റ്റോക്കില്ലാത്തതും കൂടുതല്‍ പ്രതിസന്ധിയായി. 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് സംസ്ഥാനം നേരിട്ട് വാങ്ങുന്ന കൊവാക്സിനാണ് നിലവില്‍ നല്‍കുന്നത്.
രണ്ട് ഘട്ടമായി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന കൊവാക്സിന് ലോഡ് എത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതേസമയം, കൊവാക്സിന് എത്തുന്നതനുസരിച്ച് രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന നല്കി വിതരണം പൂര്‍ത്തിയാക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.