Kerala
‘ഉറങ്ങിപ്പോയതല്ല’; കെഎസ്ആര്‍ടിസി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം കിട്ടിയില്ല; പ്രതികരണവുമായി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍


പാലക്കാട് വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍. ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയെന്നാണ് യാത്രക്കാന്‍ പറഞ്ഞത്. ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍ പറയുന്നു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോന്‍ പറഞ്ഞു. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു ജോമോന്‍റെ പ്രതികരണം.
കേരളത്തെ നടുക്കി പാലക്കാട് വടക്കാഞ്ചേരിയിൽ ഉണ്ടായ ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ന് ആയിരുന്നു അപകടം നടന്നത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകീട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. അപകടത്തില്‍ നാല്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോനും ബസ്സുടമ അരുണിനെയും അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.