ക്രൈം
പണം കൈവശം വയ്ക്കുന്നവരെ അക്രമിക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പിന്നില്‍ പ്രമുഖരെന്ന് പോലീസ്
ചെർപ്പുളശ്ശേരി തൃക്കടീരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ മറ്റൊരു ബൈക്കിലെത്തി ഇടിച്ച് വീഴ്ത്തി, കരാറുകാരന്‍റെ ബൈക്കും രണ്ട് മൊബൈൽ ഫോണുകളും പണവും കവർന്ന ഏഴ് പേരടങ്ങുന്ന ക്വട്ടേഷൻ സംഘാംഗങ്ങളിലെ 3 പേരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് നാല് പേര്‍ ഒളിവിലാണ്. നാല് ബൈക്കുകളിലായാണ് സംഘം ആക്രമണം നടത്തിയത്. തട്ടിയെടുത്ത ബൈക്ക് പോലീസ് കണ്ടെടുത്തു. പ്രതികളായ പാലക്കാട് കല്ലിങ്കലിൽ താമസിക്കുന്ന കൽമണ്ഡപം വടക്കുമുറി ബഷീറിന്‍റെ മകൻ മുഹമ്മദ് ഹാരിസ്(33), കൊഴിഞ്ഞാംപാറ സ്വദേശി ഹനീഫയുടെ മകൻ സിക്കന്ദർ ബാഷ(35), കരിമ്പുഴ സ്വദേശിയും കോട്ടായി ഓടനൂരിൽ താമസം സുലൈമാൻ മകൻ ജിൻഷാദ്(27) എന്നിവരാണ് അറസ്റ്റിലായത്.
അക്രമിസംഘം ഉപയോഗിച്ച ഒരു ബൈക്കും പോലീസ് കണ്ടെടുത്തു. 2023 ഏപ്രിൽ 6 ന് തൃക്കടീരിയിൽ വെച്ചായിരുന്നു കരാറുകാരൻ കോതകുർശ്ശി സ്വദേശി ഗോപാലകൃഷ്ണനെ ആക്രമിച്ച് പണവും ബൈക്കും ഫോണും കവർച്ച നടത്തിയത്. തുടർന്ന് മണ്ണാർക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസിന്‍റെ നിർദ്ദേശപ്രകാരം ചെർപ്പുളശേരി സി.ഐ. ശശികുമാറിന്‍റെ മേൽനോട്ടത്തിൽ എസ് ഐ പ്രമോദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമി സംഘത്തിന് നേതൃത്വം നല്‍കുന്നവരുടെ നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് കുഴൽ പണ വിതരണ സംഘത്തെ പിന്തുടർന്ന് ആക്രമിച്ച് പണവും വണ്ടിയും തട്ടിയെടുക്കലാണ് പിടിയിലായ ക്വട്ടേഷൻ സംഘത്തിന്‍റെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു.
കരാറുകാരനായ ഗോപാലകൃഷ്ണന്‍റെ പക്കൽ പണമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. അക്രമികൾ ഉപയോഗിച്ച ഒരു ബൈക്കും കരാറുകാരന്‍റെ മോഷണം പോയ ബൈക്കും പണവും പൊലീസ് കണ്ടെടുത്തു. ഇതിനിടെ മോഷ്ടിച്ച് ബൈക്കിന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് മറ്റൊരു സ്ഥലത്ത് വച്ച് കുഴൽപണം തട്ടാന്‍ ഈ സംഘം ശ്രമം നടത്തിയെന്നും പോലീസ് അറിയിച്ചു. ക്വട്ടേഷൻ സംഘം ഉപയോഗിച്ച 4 ബൈക്കുകളുടെയും നമ്പർ വ്യാജമാണ്. ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളുടെ വിലാസവും വ്യാജമാണെന്നും പോലീസ് കണ്ടെത്തി. കുഴൽപ്പണ വിതരണക്കാരെയും മറ്റ് ആവശ്യങ്ങൾക്കായി പണം കൈവശം സൂക്ഷിക്കുന്നവരെയും കണ്ടെത്തി വിവരം നൽകുന്ന ഒരു സംഘം പ്രബലന്മാരായ പ്രമുഖർ തന്നെ അക്രമികൾക്ക് പുറകിലുണ്ടെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിച്ച് വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. എസ് ഐ പ്രമോദ്, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സിപിഒമാരായ രാജീവ്, അജീഷ് ബാബു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.