ക്രൈം
കടയുടെ പൂട്ട് തകര്‍ത്ത് അരലക്ഷത്തോളം രൂപയുടെ ചോക്കളേറ്റ് മോഷ്ടിച്ചവര്‍ പിടിയില്‍
കാഞ്ഞങ്ങാട്ടെ കടയുടെ പൂട്ട് തകര്‍ത്ത് അരലക്ഷത്തോളം രൂപയുടെ ചോക്കളേറ്റ് മോഷ്ടിച്ചവര്‍ പിടിയില്‍. 17 വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേരാണ് പിടിയിലായത്. ജനുവരി 14 നാണ് കാഞ്ഞങ്ങാട്ട് കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്‍റര്‍പ്രൈസസിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് കള്ളന്മാര്‍ മോഷണം നടത്തിയത്. 42,430 രൂപയുടെ ചോക്ലേറ്റും മേശയിലുണ്ടായിരുന്ന 1,680 രൂപയും മോഷ്ടാക്കള്‍ കൊണ്ട് പോവുകയായിരുന്നു.
കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് 17 വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ഹൊസ്ദുര്‍ഗ് പൊലീസ് പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശി ബി വിവീഷ്, ഫസല്‍, 17 വയസുകാരന്‍ എന്നിവരാണ് പിടിയിലായത്. സംഘത്തിലെ നാലാമന്‍ ആസിഫ് ഗോവയിലേക്ക് കടന്നതായാണ് വിവരം. ആസിഫാണ് മോഷണത്തിന്‍റെ സൂത്രധാരനെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച ചോക്ലേറ്റുകള്‍ ഇയാളാണ് കൊണ്ട് പോയത്.
കോട്ടച്ചേരിയിലെ മോഷണ ദൃശ്യങ്ങള്‍ സമീപത്തെ തുണിക്കടയുടെ സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. നീല ജീന്‍സും ഇളം നിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് റോഡില്‍ നിന്ന് നിരീക്ഷിക്കുന്നതും രണ്ട് പേര്‍ ഷട്ടറിന്‍റെ പൂട്ട് തകര്‍ക്കുന്നതിന്‍റേയും ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് കാഞ്ഞങ്ങാട്, വടകരമുക്കിലെ ഐസ്ക്രീം ഗോഡൗണില്‍ നിന്ന് 70,000 രൂപ കവര്‍ന്നിരുന്നു. ഇവിടെ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളുടെ കൂടി സഹായത്തോടെയാണ് പൊലീസ് മോഷ്ടാക്കളിലേക്ക് എത്തിയത്.