കേരളം
പൂരത്തിന് കർശന നിയന്ത്രണം; വെടിക്കെട്ടിന് അനുമതി
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. തൃശ്ശൂർ പൂരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും, വാക്സിനേഷൻ ചെയ്തവർക്കും മാത്രമായിരിക്കും പൂരത്തിന് പ്രവേശനം ഉണ്ടാവുക.
അതേസമയം തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നൽകി. സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകിയത്.
കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർ വാക്സീൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
45 വയസിന് താഴെ ഉള്ളവർ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ ലോക്ക് ഡൗൺ സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി വിപി ജോയി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.