കേരളം
സർക്കാർ സർവീസുകളിലേക്കുള്ള പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കുന്നത്: സുപ്രീം കോടതി
സർക്കാർ സർവീസുകളിലേക്കുള്ള പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കപ്പെടുന്നതാണെന്ന് സുപ്രീം കോടതി. ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് നീതിപൂർവ്വവും, സുതാര്യവുമായാണ് സർക്കാർ നിയമന നടപടികൾ നടത്തേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പതിനൊന്നായിരത്തോളം പാർട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ലൈഫ് ഇൻഷുറൻസ് കോർപറേഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം.
നിയമന മാനദണ്ഡങ്ങൾ പാലിക്കാതെ പതിനൊന്നായിരത്തോളം പേരെ സ്ഥിരപ്പെടുത്താൻ നിർദേശിക്കുന്നത് പിൻവാതിൽ നിയമനത്തിന് തുല്യമായിരിക്കുമെന്ന് ജസ്റ്റിസ്മാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞു. അതേസമയം അർഹതപ്പെട്ട ജീവനക്കാർക്ക് നഷ്ടപരിഹാരം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും കോടതി നിർദേശിച്ചു.