കേരളം
കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ നിയന്ത്രണം നീക്കിയേക്കും; വിമാന ടിക്കറ്റ് നിരക്ക് കുറയാനും സാധ്യത
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കിയേക്കും. കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന അപകടം പൈലറ്റിന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. അപകടത്തിന് കാരണം റണ്‍വേയുടെ അപര്യപ്തതയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ചത്.
വിമാന അപകടം നടന്ന തൊട്ടടുത്ത ദിവസമാണ് അനുമതി അധികൃതര്‍ റദ്ദാക്കിയത്. 2015ല്‍ റണ്‍വേ റീകാര്പ്പറ്റിംഗിനായും വലിയ വിമാനങ്ങളെ വിലക്കിയിരുന്നു.2018 ല്‍ നിയന്ത്രണം നീക്കി യാത്ര പുനഃസ്ഥാപിച്ചെങ്കിലും വിമാന അപകടത്തെ തുടര്‍ന്ന് വീണ്ടും നിര്‍ത്തലാക്കി.
സൗദി എയര്‍ലെന്‍സ്, എയര്‍ ഇന്ത്യ എന്നിവക്കാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയുള്ളത്. ഇവ രണ്ടും സൗദിയിലേക്കാണ് സര്‍വീസ് നടത്തിയത്. കോവിഡ് നിയന്ത്രണം നീങ്ങുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും.
കൂടുതല്‍ സര്‍വീസുകള്‍ വരുന്നത് വിമാന ടിക്കറ്റ് നിരക്ക് കുറയാനും കാരണമാകും. വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ്.