കേരളം
സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുറപ്പാക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. വിവിധ മേഖലകളിലെ 2020-21 വര്‍ഷത്തെ ബോണസ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ ട്രേഡ് യൂണിയന് നേതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സര്‍ക്കാര്‍ മാര്ഗ്ഗനിര്ദ്ദേശപ്രകാരവും ലേബര്‍ കമ്മീഷണറുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലും ഭൂരിഭാഗം സ്ഥാപനങ്ങളിലേയും ബോണസ് നിശ്ചയിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ ബോണസ് നിശ്ചയിക്കുന്നത് സംബന്ധിച്ച് നല്കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും നടപടി സ്വീകരിച്ചു വരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കൊടുത്ത അതേ നിരക്കിലുള്ള ബോണസ് ഓണത്തിന് മുമ്പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ബോണസ് സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുള്ളവയ്ക്കെല്ലാം പരിഹാരമുറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. തുടര്‍ന്നും തര്‍ക്കങ്ങളുണ്ടായാല്‍ ഇടപെടുന്നതിനും പരിഹാരമുറപ്പാക്കുന്നതിനും സര്‍ക്കാര്‍ സര്‍വ്വാത്മനാ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷത്തെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതിനോടകം നടപടി സ്വീകരിച്ചു കഴിഞ്ഞു. ഉല്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ സര്‍ക്കാര്‍ ഉത്തരവ് ബാധകമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് 8.33 ശതമാനം മിനിമം ബോണസ് ആയി അനുവദിക്കും. ഉല്പാദന മേഖലയുമായി ബന്ധപ്പെടാത്ത സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹകരണ സംഘം രജിസ്ട്രാര്‍ വഴി പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍-വ്യവസായ മന്ത്രിതലത്തില്‍ നടത്തിയ വ്യവസായ ബന്ധസമിതികളുടെ യോഗത്തില്‍ കഴിഞ്ഞ വര്‍ഷം കൊടുത്ത അതേ നിരക്കില്‍ 2020-2021 വര്‍ഷവും ബോണസ് നല്‍കുന്നതിന് ധാരണയായി. ഇതു പ്രകാരം 20% ബോണസും 9500/രൂപ അഡ്വാന്‍സും ഈ മാസം 17-ന് മുന്‍പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലാളികള്‍ക്ക് 2020- 21 വര്‍ഷത്തെ ബോണസായി 20 ശതമാനവും ഇന്‍സന്റീവായി 9.90 ശതമാനവും നല്കാന് തൊഴില്‍ വകുപ്പ് തീരുമാനിച്ചു.