കേരളം
സ്വകാര്യ ബസ് തൊഴിലാളികള്‍ തര്‍ക്കം, അടി; ആറ് ബസുകള്‍ തല്ലിതകര്‍ത്തു, സംഭവം ചേര്‍ത്തലയില്‍
ബസ് തൊഴിലാളികളുടെ വാക്കുതർക്കത്തെതുടർന്ന് ആറ് സ്വകാര്യ ബസുകൾ തല്ലിതകർത്തു. ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്ത മൂന്ന് ബസും പട്ടണക്കാട് നിര്‍ത്തിയിട്ട രണ്ടും വയലാർ കവലയിൽ ഒരു ബസുമാണ് തല്ലിത്തകര്‍ത്തത്.
പട്ടണക്കാട് സ്വദേശിയായ വി എസ് സുനീഷിന്റെ ഉടമസ്ഥതയിലുള്ള ബസുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയിൽ സ്റ്റാൻഡിൽ തൊഴിലാളികൾ തമ്മിൽ തർക്കവും സംഘർഷവുമുണ്ടായിരുന്നു. സംഘർഷത്തിൽ ബസ് തൊഴിലാളികളായ വാരനാട് താഴേക്കാട്ട് വിഷ്ണു എസ് സാബു (32), വാരനാട് പടിക്കേപറമ്പുവെളി എസ് ശബരി ജിത്ത്(26) എന്നിവർക്ക് പരിക്കേല്‍ക്കുകയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.