കേരളം
ദേശീയപാതയില്‍ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷന് സേഫ് പദ്ധതി ആരംഭിച്ചു
റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് ദേശീയപാതയില്‍ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷന് സേഫ് പദ്ധതി ആരംഭിച്ചു. വാളയാര്‍- വടക്കഞ്ചേരി പാതയിലാണ് പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ട്രാഫിക് എന്‍ഫോഴ്സ്മെന്റ്, ഹൈവേ പൊലീസ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ക്യൂബ് ഹൈവേയ്സ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.
ദിനംപ്രതി 15000ല്‍ അധികം വാഹനങ്ങളാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. കേരളത്തിലേക്കുള്ള പ്രവേശന കവാടമെന്ന നിലയില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത് ഈ പാതയാണ്. 2020ല്‍ 145 അപകടങ്ങളിലായി 31 മരണവും നൂറോളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പദ്ധതി ഉദ്ഘാടനം വാളയാറില്‍ ജില്ലാ പൊലീസ് മേധാവി ആര്.വിശ്വനാഥ് നിര്‍വഹിച്ചു. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ വി.എ.സഹദേവന് അദ്ധ്യക്ഷനായി. ആര്.ടി.ഒ പി.ശിവകുമാര്‍ മുഖ്യാതിഥിയായി. എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടര്‍ സജ്ജയ് കുമാര്‍, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.എസ്.മുത്തുകുമാര്‍, എം.വി.ഐ അനില്‍കുമാര്‍ സംസാരിച്ചു.
ലൈന്‍ ട്രാഫിക് നിരീക്ഷിക്കും
54 കി.മീ വരുന്ന പാതയില്‍ പ്രധാനമായും വാഹനങ്ങള്‍ ലൈന്‍ ട്രാഫിക് പൂര്‍ണ്ണമായും പാലിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കുക. വാളയാര്‍ ടോള്‍പ്ലാസ, ചന്ദ്രനഗര്‍, കുഴല്‍മന്ദം, ആലത്തൂര്‍ ഭാഗങ്ങളില്‍ ഇതുസംബന്ധിച്ച് ലഘുലേഖ വിതരണവും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്ക്വാഡ് ഇന്നുമുതല്‍ ശക്തമായ പരിശോധന നടത്തും.