Connect with us

കേരളം

ഓക്സിജൻ ലഭ്യത ഉറപ്പാക്കും; മൂന്നു മാസം കൊണ്ട് ഒരു കോടി ഡോസ് വാക്‌സിന്‍ വിലയ്ക്ക് വാങ്ങുമെന്നും മുഖ്യമന്ത്രി

Published

on

WhatsApp Image 2021 04 26 at 5.37.59 PM

വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണ്. കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന ഉചിതമായ കാര്യം. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണം. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടും. കാസർകോട് ജില്ലയിൽ കർണാടകത്തിൽ നിന്നാണ് ഓക്സിജൻ ലഭിക്കാറുള്ളത്. അവിടെ തടസമുണ്ട്. കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. ഓക്സിജൻ പോലുള്ള ഒന്നിന്റെ കാര്യത്തിൽ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയല്ല. പാലക്കാട് നിന്ന് ഓക്സിജൻ കർണാടകത്തിലേക്ക് അയക്കുന്നുണ്ട്. അത് തടസപ്പെടുത്തിയിട്ടില്ല. അതെല്ലാം കർണാടകത്തിന്റെ ശ്രദ്ധയിൽപെടുത്തും. കാസർകോടടക്കം ഓക്സിജൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്സിജൻ പ്രശ്നം പ്രത്യേകമായി ഇന്ന് ചർച്ച ചെയ്തു.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചില ജില്ലകളിൽ ചില തദ്ദേശ സ്ഥാപന അതിർത്തിക്കുള്ളിലും വലിയ തോതിൽ വർധിച്ചു. ഇത് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും. രോഗവ്യാപന ഘട്ടത്തിൽ പല കാര്യത്തിലും സഹായത്തിന് വളണ്ടിയർമാർ വേണം. പൊലീസ് 2000 വളണ്ടിയർമാരെ അവർക്കൊപ്പം ഉപയോഗിക്കും. ആവശ്യമായത്ര വളണ്ടിയർമാരെ കണ്ടെത്തും. ഈ ഘട്ടത്തിലാണ് വാർഡ് തല സമിതികളുടെ പ്രവർത്തനം ഉയർന്ന തോതിൽ നടക്കണം. വിവിധ രീതിയിൽ ഇടപെടണം. കാര്യങ്ങളെ ഗൗരവത്തോടെ നീക്കണം. തദ്ദേശ സ്ഥാപനത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരും പൊലീസും റവന്യു ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും എല്ലാം ഇതിലുണ്ടാകും. ഇത് കൂടുതൽ ഫലപ്രദമായി പ്രവർത്തിപ്പിക്കണം. ഇപ്പോൾ ഓർക്കേണ്ടത് കഴിഞ്ഞ വ്യാപന ഘട്ടത്തിൽ വളണ്ടിയർമാരും പൊലീസും ഒന്നിച്ചിടപ്പെട്ടത് വലിയ ഫലം ചെയ്തിരുന്നു.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ചില ക്രമീകരണം വേണ്ടതുണ്ട്. വാക്സീനേഷൻ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവരുണ്ട്. അവർ, പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അത്തരക്കാർ വീടുകളിൽ തന്നെ ആവശ്യമായ നിർദ്ദേശങ്ങളോടെ ചികിത്സിക്കണം. അതേപോലെ ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർ പോസിറ്റീവായത് കൊണ്ട് മാത്രം മറ്റ് ആരോഗ്യ പ്രശ്നം ഇല്ലെങ്കിൽ ആശുപത്രിയിൽ കിടക്കേണ്ട. അവരുടെ കാര്യത്തിൽ ശാസ്ത്രീയ മാനദണ്ഡം വിദഗ്ദ്ധ സമിതി തയ്യാറാക്കും.രോഗവ്യാപന ഘട്ടം നേരിടുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം. ഇന്നുള്ള സൗകര്യങ്ങൾ ഇപ്പോഴുള്ള അവസ്ഥയിൽ നേരിടാൻ പര്യാപ്തമാണ്. രോഗവ്യാപനം കൂടുന്നത് കൂടിയ ശേഷം ആലോചിച്ചാൽ പോര. കൂടാൻ ഇടയുണ്ട് എന്നാണ് വിലയിരുത്തൽ.

അപൂർവം ചിലയിടത്ത് ആശുപത്രി സൗകര്യങ്ങൾ നിയന്ത്രിക്കുന്ന ചില ആരോഗ്യപ്രവർത്തകർക്ക് വളരെ ചെറിയ സംഖ്യയാണ് വേതനം. അത് ശരിയല്ല. എല്ലാ മേഖലയിലും ന്യായമായ വേതനം കേരളത്തിൽ നടപ്പാക്കിയതാണ്. ആരോഗ്യപ്രവർത്തകർക്ക് മിനിമം വേതനം നടപ്പാക്കാൻ നിർദ്ദേശം നൽകി. അതിൽ കുറച്ച് ആശുപത്രി വികസന സമിതി നിയന്ത്രിക്കുന്നവരും നൽകാൻ പാടില്ല.

എല്ലാ താലൂക്കുകളിലും സിഎഫ്എൽടിസികൾ ഉറപ്പാക്കും. അപൂർവം ചിലയിടത്ത് ഇപ്പോഴും സിഎഫ്എൽടിസികൾ പ്രായോഗികമായിട്ടില്ല. അടിയന്തിരമായി ഇത് പ്രാവർത്തികമാക്കാൻ നിർദ്ദേശിച്ചു. വാക്സീൻ ആഗ്രഹിക്കുന്ന പോലെ ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോൾ നൽകേണ്ടത്. അത് ആവശ്യത്തിന് ഉതകുന്ന പോലെയല്ല. ഉള്ളത് വെച്ചേ വാക്സീൻ നൽകാനാവൂ. നേരത്തെ വാക്സീൻ എടുത്തവരുണ്ട്. അവരുടെ രണ്ടാം ഡോസിൻ സമയത്ത് നൽകുക പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയ്യിൽ വേണം. ആ രീതിയിൽ വാക്സീൻ ക്രമീകരിക്കും.

കൊവിഡിന്റെ വ്യാപനം ഉണ്ടെങ്കിലും നിർമ്മാണ ജോലികൾ കൊവിഡ് മാനദണ്ഡം പാലിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകും. കേന്ദ്രസർക്കാരിന്റെ പുതിയ വാക്സീൻ നയത്തിന്റെ ഭാഗമായി 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഉൽപ്പാദകരിൽ നിന്നും വാക്സീൻ സംസ്ഥാനങ്ങൾ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ്. ഈ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകണം. ഇത് പുതിയ സാഹചര്യമല്ല. ഇതേവരെ പല വാക്സീനും നൽകിയിട്ടുണ്ട്. പലതും കേന്ദ്രം നൽകിയതാണ്. അത് സൗജന്യമായാണ് സംസ്ഥാനങ്ങൾ ആളുകൾക്ക് നൽകിയത്. ഈയൊരു കാര്യത്തിൽ മാത്രം വാക്സീന് വില ഈടാക്കുന്നത് തീർത്തും അനുചിതമാണ്.

ഇതെല്ലാം കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചെങ്കിലും കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. 18 നും 45 നും ഇടയിലുള്ളവർക്ക് രണ്ട് ഡോസ് വാക്സീൻ സൗജന്യമായി തന്നെ നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാക്സീൻ നിർമ്മാതാക്കളായ രണ്ട് സ്ഥാപനങ്ങളുണ്ട്.സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും. കൊവിഷീൽഡും കൊവാക്സിനുമാണ് ഇവർ ഉൽപ്പാദിപ്പിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി ഡോസ് വാക്സീൻ ഈ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാനാണ് തീരുമാനം.

വാക്സീൻ വിലക്ക് വാങ്ങുന്ന കാര്യം ചർച്ച ചെയ്യാനും വാങ്ങാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. എല്ലാവർക്കും സൗജന്യ വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 70 ലക്ഷം ഡോസ് വാങ്ങാൻ 294 കോടി ചെലവാകും. 400 രൂപയാണ് ഡോസിന് അവർ ഈടാക്കുന്ന വില. പുറമെ അഞ്ച് ശതമാനം ജിഎസ്ടിയും വരും. ഭാരത് ബയോടെകിൽ നിന്ന് 600 രൂപ നിരക്കിൽ ജിഎസ്ടിയടക്കം 30 ലക്ഷം വാങ്ങാൻ 189 കോടി രൂപ ചെലവ് വരും. വാക്സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുക.

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സീൻ കൊടുക്കാവുന്ന വിധത്തിൽ വാക്സീൻ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വില ഈടാക്കി വാക്സീൻ നൽകാനാണ് കേന്ദ്രം അനുവാദം നൽകിയിരിക്കുന്നത്. കേന്ദ്രത്തിന് നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും. വാക്സീൻ ലഭിക്കുമെന്ന് ഉറപ്പാക്കണം. വീണ്ടും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ദ്രവീകൃത ഓക്സിജൻ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യത്തിനുണ്ട്. എന്നാൽ ആവശ്യം വർധിക്കാൻ ഇടയുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ളതേ പുറത്തേക്ക് അയക്കാവൂ എന്ന് നിലപാട് എടുത്തിട്ടുണ്ട്. കോടതികളിൽ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ ഈ നിലപാട് അറിയിക്കും.

തീവ്ര നിലയിലുള്ള ഇടപെടൽ ചില ജില്ലകളിലുണ്ട്. ആലപ്പുഴയിൽ കൊവിഡ് ചികിത്സയ്ക്ക് അധികമായി 1527 കിടക്കകൾ കൂടി സജ്ജമാക്കി. 4339 കിടക്കകളാണ് ജില്ലയിലാകെ സജ്ജമാക്കിയത്. 399 അധ്യാപകരെ കൂടി കൊവിഡ് നിയന്ത്രണത്തിന് ആലപ്പുഴയിൽ നിയോഗിച്ചു.

തൃശ്ശൂരിൽ 21 പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിൽ ടിപിആർ. പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊല്ലത്ത് പരിശോധന കാര്യക്ഷമമാക്കാൻ 93 സർക്കിൾ ഓഫീസർമാരെ നിയോഗിച്ചു.

വയനാട്ടിൽ ഉയർന്ന ടിപിആർ റിപ്പോർട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം തുടരുന്നു. കർണാടകയിൽ രണ്ടാഴ്ചത്തേക്ക് 27 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് അവിടെ പ്രവേശനം. പൊതു-സ്വകാര്യ വാഹനങ്ങൾക്ക് കർണാടകയിലേക്ക് പോകാൻ അനുവാദം ഇല്ല. അടിയന്തിര സാഹചര്യത്തിലേ കർണാടകയിലേക്ക് വാഹനങ്ങൾക്ക് പോകാനാവൂ.ടിപിആർ ഗണ്യമായി ഉയരുന്നത് കോട്ടയത്ത് ആശങ്ക വർധിപ്പിച്ചു. 71 പഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളുമുള്ള കോട്ടയത്ത് 58 തദ്ദേശ സ്ഥാപനത്തിൽ ടിപിആർ 20 ന് മുകളിലാണ്. ആറിടത്ത് 40 ന് മുകളിലാണ് ടിപിആർ.

കാസർകോട് കൊവിഡ് തീവ്ര വ്യാപനം നേരിടാനുള്ള മുന്നൊരുക്കത്തിനായി 59 വെന്റിലേറ്റർ 114 ഐസിയു കിടക്ക, ആയിരത്തിലേറെ ഓക്സിജൻ കിടക്കകൾ എന്നിവ സജ്ജമാക്കി. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ആവശ്യമെങ്കിൽ 50 സെന്റ് ഭൂമി അനുവദിക്കും. തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ അഞ്ച് സെഷൻ ക്രമീകരിച്ചു. കോഴിക്കോട്ടെ പട്ടിക വർഗ കോളനികളിൽ ടെസ്റ്റിനും വാക്സീനേഷനും പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പാലക്കാട് 5 കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. സ്വകാര്യ ആശുപത്രികളിലും സജ്ജീകരണങ്ങൾ ഒരുക്കി. എറണാകുളത്ത് കൂടുതൽ കൊവിഡ് തീവ്ര പരിചരണ സൗകര്യങ്ങൾ ഒരുക്കി. കണ്ണൂരിൽ പട്ടിക വർഗ മേഖലകളിൽ കൊവിഡ് പ്രതിരോധം കൂടുതൽ ഫലപ്രദമാക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കും. ഇതിന് പ്രത്യേക നോഡൽ ഓഫീസറെയും നിയോഗിച്ചു. മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മറ്റ് പല സംസ്ഥാനങ്ങളിലും ചികിത്സയ്ക്ക് ആളുകൾ പരക്കം പായുകയാണ്. രോഗികളുടെ എണ്ണം വർധിക്കുകയാണ് കേരളത്തിലും. മറ്റിടങ്ങളിലുണ്ടായ പ്രശ്നം ഇവിടെ സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കുന്നുണ്ട്. ജില്ലാ തലത്തിൽ ഓരോ നാല് മണിക്കൂറിലും ഓരോ ജില്ലയിലും വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റ് കിടക്കകൾ എന്നിവയുടെ പുതിയ കണക്ക് നൽകാൻ സർക്കാർ-സ്വകാര്യ ആശുപത്രികളോട് നിർദ്ദേശിച്ചു. അവശ്യ ഘട്ടത്തിൽ ആശുപത്രിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി 1056 എന്ന ഹെൽപ്‌ലൈനിൽ വിളിച്ച് സൗകര്യങ്ങളുടെ ലഭ്യത ജനത്തിന് ഉപയോഗിക്കാം.

ഓരോ ജില്ലയിലും വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ആളുകൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. അതതിടത്തെ വാർഡ് മെമ്പർ, കൗൺസിലർ, ആശാ വർക്കർ തുടങ്ങിയവരുടെ നമ്പർ കൈയ്യിൽ വെക്കണം. കാര്യമായ രോഗ ലക്ഷണം ഇല്ലാത്ത രോഗികളോടാണ് ഹോം ഐസൊലേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗികൾക്ക് താമസിക്കാൻ ശുചിമുറിയുള്ള മുറി വേണം. എസി ഉപയോഗിക്കരുത്. പരമാവധി വായു സഞ്ചാരം വേണം. പരിചരിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണം. എൻ95 മാസ്ക് രോഗികളും പരിശോധിക്കുന്നവരും ധരിക്കണം.
ലക്ഷണം കൂടുതലുണ്ടെങ്കിൽ ചികിത്സ തേടണം. ഇ-സഞ്ജീവനി സംവിധാനത്തിന്റെ മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ചികിത്സ തേടണം. ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് വേണമെങ്കിൽ ആശുപത്രിയിലേക്ക് മാറണം.

സിഎഫ്എൽടിസികളും സിഎൽടിസികളും ശാക്തീകരിച്ചു. രോഗികളാവുന്ന ആർക്കും ഐസൊലേഷനിൽ പോകാനും ചികിത്സയ്ക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. ഇവ കൂടുതൽ മികച്ചതാക്കാനുള്ള തീവ്ര ശ്രമം മുന്നോട്ട് കൊണ്ടുപോവുകയാണ്. അതത് ജില്ലകളിലെ ഹെൽപ്‌ലൈൻ നമ്പറിലോ 1056 എന്ന സംസ്ഥാന തല ഹെൽപ്‌ലൈനിലോ വിളിച്ചാൽ സഹായം ലഭിക്കും. വാക്സീനേഷന് സഹായം നൽകാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വരുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ തലത്തിൽ നിന്നും സഹായം വരുന്നുണ്ട്. ഇപ്പോൾ ലോക്ഡൗണിലേക്ക് സർക്കാർ പോകുന്നില്ല. എന്നാൽ കടുത്ത നിയന്ത്രണം വേണം. ലോക്ഡൗൺ അവസാന ഘട്ടം. അവസാന ഘട്ടമായേ ലോക്ക്ഡൗണിനെ കാണാനാവൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ