ദേശീയം
ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി സൃഷ്ടി ഗോസ്വാമിയെന്ന പത്തൊന്‍പതുകാരി
സൃഷ്ടി ഗോസ്വാമിയെന്ന പത്തൊന്‍പതുകാരിയാണ് ഇന്ന് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രി. സൃഷ്ടി ഞായറാഴ്ച ഒറ്റ ദിവസം സംസ്ഥാനത്തെ നയിക്കും. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ചാണ് സൃഷ്ടി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായത്.
എല്ലാ പെണ്മക്കള്ക്കും ഈ നാഴികക്കല്ല് താണ്ടാന്‍ കഴിയുമെന്നാണ് ഇതിലൂടെ തെളിയുന്നത്. നമ്മള് അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് സൃഷ്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ തങ്ങളുടെ മകള്‍ക്ക് അവസരം നല്‍കിയതിനു നന്ദിയും പറഞ്ഞു.
ഉത്തരാഖണ്ഡിന്റെ ബാല വിദാന്‍ സഭയില്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു വരുകയാണ് സൃഷ്ടി. ഇന്ന് സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതലയും സൃഷ്ടിക്കാണ്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വിലയിരുത്തുന്ന യോഗത്തില്‍ മുഖ്യമന്ത്രിയായി സൃഷ്ടി പങ്കെടുത്തിരുന്നു.
2018 ലാണ് ബാല വിദാന്‍ സഭയുടെ മുഖ്യമന്ത്രിയായി സൃഷ്ടി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വര്‍ഷത്തേക്കാണ് ബാല വിദാന്‍ സഭയില്‍ മുഖ്യമന്ത്രി പദം. ഹരിദ്വാറിലെ സാധാരണ കുടുംബത്തിലാണ് സൃഷ്ടി ജനിച്ചത്. പിതാവിന് പലചരക്ക് കടയും മാതാവ് വീട്ടമ്മയുമാണ്. ബിഎസ്എം പിജി കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ് സൃഷ്ടി.