ഇലക്ഷൻ 2024
എന്‍റെ പ്രിയസഹോദരി; കെ.കെ ശൈലജയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ കെ.കെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. ഇന്ത്യയെ നിലനിര്‍ത്താനുള്ള പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് കെ.കെ ശൈലജയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കോവിഡ് കാലത്ത് ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാടവവും തെളിച്ച നേതാവാണ് ശൈലജയെന്നും കമല്‍ഹാസന്‍ പറഞ്ഞു. കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചത്.
നിപ, കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള കെ.കെ ശൈലജയുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ‘2018ല്‍ കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ ഓഫീസിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ ചെയ്തത്. കോഴിക്കോട് ക്യാംപ് ചെയ്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവശ്യ മരുന്നുകള്‍ എത്തിക്കുകയും മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തു.അതിലും മികച്ചതായിരുന്നു കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനം, കോവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയായതും അതിന് വഴിവെച്ചതും കെ.കെ ശൈലജയുടെ നേതൃത്വം തന്നെയാണ്’- കമല്‍ഹാസന്‍ പറഞ്ഞു.
കേന്ദ്രത്തില്‍ കനത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ഈ വ്യവസ്ഥിതിക്കെതിരെ പാര്‍ലമെന്‍റിന് അകത്തും പുറത്തും ശബ്ദം ഉയര്‍ത്താന്‍ കെ.കെ ശൈലജയെ പോലെ പല നേതാക്കളെയും നമുക്ക് വേണം. കെ.കെ ശൈലജയ്ക്ക് ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ വോട്ട് ചെയ്ത് വിജയപ്പിക്കണമെന്നും കെ.കെ ശൈലജയ്ക്ക് വിജയാശംകള്‍ നേരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടി തമിഴ്നാട്ടില്‍ ഡിഎംകെയുമായി സഖ്യം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികളും ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമാണ്. തമിഴ്നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് ഡിഎംകെ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.